സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന്. വൈകിട്ട് ആറിന് ചെന്നൈ പൊരൂറിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങ്. സാലിഗ്രാമത്തിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചയോടെ ചെന്നൈയിൽ എത്തും. മോഹൻലാൽ, കമൽഹാസൻ,വിജയകാന്ത്, പ്രിയദർശൻ, ശാരദ, ലിസി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇന്നലെ ആദരാജ്ഞലികൾ അമർപ്പിച്ചു. രാഷ്ടീയ കലാ സാംസ്കാരിക രംഗത്തുള്ളവരടക്കം ഒട്ടേറെപ്പേര്‍ ഇന്നും അന്തിമോപചാരം അർപ്പിക്കാൻ എത്തും
സിനിമകളെ ഉൽസവങ്ങളാക്കി വെള്ളിത്തിരയിലും തിയറ്ററിലും ആൾക്കൂട്ടമെത്തിച്ച സൂപ്പർ ഹിറ്റ് സംവിധായകൻ ഐ.വി.ശശി (69) ഇന്നലെയാണ് അന്തരിച്ചത്. ധീരമായ പരീക്ഷണങ്ങളിലൂടെ സിനിമയുടെ പുതുകാഴ്ചകൾ സമ്മാനിച്ച ഐ.വി. ശശിയുടെ മരണം ഇന്നലെ രാവിലെ 10.30നു സാലിഗ്രാമിലെ വീട്ടിലായിരുന്നു. ദീർഘകാലമായി കരൾ അർബുദത്തിനു ചികിൽസയിലായിരുന്നു.
ശശിയുടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായിക സീമയാണു ഭാര്യ. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കൾ. മരുമകൻ: മിലൻ നായർ. മകളെ കാണാൻ ഇന്നലെ വൈകിട്ട് ഓസ്ട്രേലിയയിലേക്കു പോകാനിരിക്കെയാണ് അന്ത്യം.
1948 മാർച്ച് 28നു കോഴിക്കോട്ടു ജനിച്ച ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി കലാസംവിധായകനായാണ് ചലച്ചിത്രലോകത്തെത്തിയത്. ഉൽസവമാണ് (1975) ആദ്യ ചിത്രം. വില്ലനായി തിളങ്ങിനിന്ന ഉമ്മറായിരുന്നു നായകൻ. റാണി ചന്ദ്ര നായിക. 1978ൽ ‘അവളുടെ രാവുകളി’ലൂടെ ഹിറ്റ് മേക്കറായി.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1982ൽ ദേശീയ പുരസ്കാരം ലഭിച്ചു (സിനിമ: ആരൂഢം). 1989ൽ മികച്ച സംവിധായകനുള്ള (മൃഗയ) സംസ്ഥാന അവാർഡും നേടി. 2009ൽ ചെയ്ത ‘വെള്ളത്തൂവൽ’ആണ് അവസാനചിത്രം. കേരള സർക്കാർ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു. അനുഭവം, ഇതാ ഇവിടെ വരെ, അങ്ങാടി, ഈനാട്, ഇണ, നാണയം, ആൾക്കൂട്ടത്തിൽ തനിയെ, കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, നാൽക്കവല, 1921, മുക്തി, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം, വർണപ്പകിട്ട് തുടങ്ങി എഴുപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ തുടക്കം വരെ മലയാളസിനിമയ്ക്ക് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ നൽകി.
തൃഷ്ണയെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കി. രജനീകാന്ത്, കമൽഹാസൻ, രാജേഷ് ഖന്ന, മിഥുൻ ചക്രവർത്തി എന്നിവരെയും നായകരാക്കി സിനിമയെടുത്തു.
പുരസ്കാരങ്ങൾ
അനുഭവം: മികച്ച കലാസംവിധായകനുള്ള പുരസ്കാരം (1976)
ആരൂഢം: മികച്ച സാമൂഹിക ഉദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം.(1982)
1921: മികച്ച ജനപ്രിയ ചിത്രം (1988)
മൃഗയ: മികച്ച സംവിധായകൻ (1989)
സമഗ്രസംഭാവന: ജെ.സി.ഡാനിയേൽ പുരസ്കാരം (2015)
മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത സിനിമാ സംവിധായകൻ ഐ.വി.ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ ഐ.വി.ശശി അഭ്രപാളിയിലെ തിളക്കങ്ങൾക്കപ്പുറം കഥാപാത്രങ്ങൾക്ക് അപൂർവ ചാരുത നൽകിയ സംവിധായകനായിരുന്നു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.