കേരളം ഏറ്റവും ആര്‍ത്തിയോടെ കണ്ട സിനിമാ പോസ്റ്റര്‍ ഏതാണെന്ന ചോദ്യത്തിന് 'അവളുടെ രാവുകളുടെ' പോസ്റ്റര്‍ എന്നാണു ഉത്തരം. സീമയുടെ നഗ്നമായ കാലുകള്‍ നിറഞ്ഞ ആ പോസ്റ്റര്‍, അക്കാലത്തു ആ സിനിമയിക്കു മുമ്പേ തരംഗമായിരുന്നു. എന്നാല്‍ 'അവളുടെ രാവുകള്‍' ആ പോസ്റ്ററല്ല, പലരുടെയും ഒപ്പം കിടക്ക പങ്കിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയെ ഒരു വീട് നവവധുവായി സ്വീകരിക്കുന്നിടത്താണു ആ സിനിമ അവസാനിക്കുന്നത്.
ഇന്നും അങ്ങനെ ഒക്കെ ചിന്തിക്കാന്‍ മലയാള സിനിമയ്ക്കാവുമോ? ആവും എന്നു പറഞ്ഞതും അവളുടെ രാവുകളുടെ സംവിധായകനായ ഐ.വി ശശി തന്നെയാണ്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലൂടെ കോള്‍ഗേളായ അതിലെ നായികയെ ചിത്രാന്ത്യത്തില്‍ നായകനും അയാളുടെ വീടും സ്വീകരിക്കുന്നുണ്ട്.
എനിക്കു ഐ.വി.ശശിയോടുള്ള ഒരിഷ്ടം നമ്മുടെ നാടിന്‍റെ അലിഖിത സദാചാര നിയമങ്ങളെ ഇങ്ങനെ ഒക്കെ തന്‍റെ ചിത്രങ്ങളിലൂടെ മറികടന്നതുകൊണ്ടാണ്.
ഐ.വി.ശശിക്കു ലൈംഗികത പാപമായിരുന്നില്ല. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വിഷയമായിരുന്നു. ആദ്യ ചിത്രമായ ഉത്സവം മുതല്‍ ഇങ്ങോട്ട് മിക്കവാറും ചിത്രങ്ങളില്‍ സ്ത്രീ പുരുഷബന്ധങ്ങളെ കുറിച്ചും അതിന്‍റെ സങ്കീര്‍ണതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ഭരതന്‍ ലൈംഗികതയുടെ ദൃശ്യവത്ക്കരണത്തിലാണു ഊന്നിയത്. അധികമൊന്നും അനാവരണം ചെയ്യാതെ ആസക്തിയുടെ വിത്തുകള്‍ അദ്ദേഹം പ്രേക്ഷകനില്‍ വിതറി. കഥ അതാവശ്യപ്പെടുമ്പോഴായിരുന്നുട്ടോ!
എന്നാല്‍ ഏറ്റവും വിപ്ലവകരമായ പ്രമേയം രതി നിര്‍വേദം ചിത്രീകരിച്ചപ്പോള്‍ പോലും നായികയെ കഥാന്ത്യത്തില്‍ അദ്ദേഹവും എഴുത്തുകാരനായ പത്മരാജനും പാമ്പിനു വിട്ടുകൊടുത്തു. അതായതു പാപം ചെയ്ത രതി ചേച്ചി വീടിനും കുടുംബത്തിനു സ്വീകാര്യയല്ല. അവര്‍ക്കു ചലച്ചിത്രകാരന്മാര്‍ മരണം വിധിക്കുന്നു.
ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇണ, തൃഷ്ണ, ഈറ്റ, വാടകക്കൊരു ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ ഒക്കെ ഐ വി ശശി സ്ത്രീ പുരുഷബന്ധങ്ങളെ കുറിച്ചു പറയുമ്പോഴും വഴിവിട്ട ബന്ധങ്ങളെ കറുപ്പടിച്ചല്ല ചിത്രീകരിച്ചത്. മനുഷ്യര്‍ക്കിടയില്‍ ഇങ്ങനെ ഒക്കെ സംഭവിക്കാം എന്നൊരു മട്ടുണ്ട് അദ്ദേഹത്തിന്. ഇന്ത്യന്‍ സിനിമകളില്‍ അതു അപൂര്‍വ്വമായ കാഴ്ചയും നിലപാടുമാണ്.
ആള്‍ക്കൂട്ട സിനിമകളും അദ്ദേഹത്തിന്‍റെ ഹരമായിരുന്നു. ഈനാട്, അങ്ങാടി തുടങ്ങിയ ചിത്രങ്ങൾ അതിനു തുടക്കമിട്ടു. ടി.ദാമോദരന്‍റെ തിരക്കഥകളിലൂടെ തൊഴിലാളികളും, തൊഴില്‍ സംഘര്‍ഷങ്ങളും ഒക്കെ അദ്ദേഹം വലിയ വിഷയമാക്കി. അതതുകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ആവേശകരമായ അനുരണനങ്ങളായിരുന്നു അവയില്‍ പലതും. ഈ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് ആള്‍ക്കൂട്ടങ്ങളെ ഇരച്ചുകയറ്റി. ഒപ്പം സിനിമയില്‍ നായകനടനപ്പുറം സംവിധായകനു പ്രസക്തിയുണ്ടെന്നു പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തി. വാസ്തവത്തില്‍ ഉദയ, മെറിലാന്‍റ് തുടങ്ങിയ ഫിലിം സ്റ്റുഡിയോകളുടെ പേരിലും താരങ്ങളുടെ പേരിലും അറിയപ്പെട്ടിരുന്ന സിനിമയെ സംവിധായകന്‍റെ മേല്‍ വിലാസത്തിലേക്കു വലിച്ചുകെട്ടിയതു ഐ.വി ശശിയാണ്.
ഐ.വി ശശിയുടെ സിനിമയ്ക്കു പോകുമ്പോള്‍ നാം അതിലെ താരത്തെ മറന്നു ഐ.വി ശശിയുടെ സിനിമയ്ക്കു പോവുന്നൂ എന്നല്ലേ പറയാറ്. അങ്ങനെ ആലോചിക്കുമ്പോള്‍ സിനിമ സംവിധായകന്‍റെ കലയാണെന്നു മലയാളിയോട് ആദ്യം പറഞ്ഞ സംവിധായകനാണ് ഇന്നു നിശബ്ദം കടന്നുപോയത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ നമ്മുടെ സംവിധായകരുടെയെല്ലാം ആദ്യ മേൽവിലാസം.