അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ ഭൗതികശരീരം സംസ്കരിച്ചു. ചെന്നൈ പൊരൂരിലെ ശ്മശാനത്തിൽ മകൻ അനി ശശി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം ഒട്ടേറെപേർ അദ്ദേഹത്തെ അവസാനമായി കാണാൻ സാലിഗ്രാമത്തിലെ വീട്ടിലേക്ക് എത്തി.
മനസിൽ നിറയെ പുതിയ സിനിമയെന്ന സ്വപ്നം നിറഞ്ഞു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്. കേരളത്തിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകാത്തതിൽ ദുഖമുള്ളവർ ഏറെയുണ്ട്. എങ്കിലും ബന്ധുമിത്രാധികൾ ഐ.വി.ശശിയെ അവസാനമായി ഒരു നോക്കു കാണാൻ സാലിഗ്രാമത്തിലെ വീട്ടിലെത്തി. ഉച്ചയോടെയാണ് ഓസ്ട്രേലിയയിൽ നിന്നും മകൾ അനു എത്തിയത്.
സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ വൈകിട്ട് മൂന്നോടെ വീട്ടിൽ നടന്നു. മകനോടൊപ്പം ഭാര്യയും മകളും മരുമകനും സഹോദരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഒരു മണിക്കൂർ നീണ്ട ചടങ്ങുകൾക്ക് ശേഷം പോറൂരിലെ വൈദ്യുത ശ്മശാനത്തിലേക്ക്. ഐ.വി.ശശിയുടെ അടയാളമായിരുന്ന ആ തൊപ്പി അന്ത്യയാത്രയോളം ശരീരത്തോട് ചേർന്നുനിന്നു.