ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ആർബിട്രേഷന്‍ വിധിപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സിലില്‍ ധാരണ. ടസ്ക്കേഴ്സും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കം പരിഗണിച്ച ആര്‍ബിട്രേഷന്‍ പാനല്‍ ടീമിന് നഷ്ടപരിഹാരം നല്‍കാന്‍ 2015ല്‍ ഉത്തരവിട്ടിരുന്നിവെങ്കിലും നല്‍കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു ബിസിസിഐ. 850 കോടി രൂപയാണ് ടസ്ക്കേഴ്സ് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
പാനല്‍ വിധിച്ച 550 കോടി രൂപയും അതിനുള്ള പലിശയും ചേര്‍ത്താണ് 850 കോടി വേണമെന്ന് ടസ്ക്കേഴ്സ് ആവശ്യപ്പെടുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ തീരുമാനം ബിസിസിഐയ്ക്ക് അംഗീകരിക്കേണ്ടി വരും. കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് 2011ലാണ് ഐപിഎല്ലില്‍ നിന്നും ടസ്ക്കേഴ്സിനെ പുറത്താക്കിയത്. ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുകയും നഷ്ടമായതോടെയാണ് കൊച്ചി ടീം മാനെജ്മെന്റ് നിയമയുദ്ധത്തിനിറങ്ങിയത്.