ആധാര്‍കാര്‍ഡും സാമൂഹ്യക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കാനുളള സമയപരിധി മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ തിങ്കളാഴ്ച നിലപാട് വ്യക്തമാക്കാമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നല്‍കി.
ആധാര്‍ നമ്പർ ബന്ധിപ്പിക്കാന്‍ ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നല്‍കിയിരുന്ന സമയപരിധിയാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ നീട്ടിയത്. ഇതിനുളളില്‍ സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമപദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിലവില്‍ കടുത്ത നടപടിയുണ്ടാകില്ല. അവര്‍ക്ക് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ല. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ആധാര്‍ വിഷയം അഞ്ചംഗബെഞ്ച് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞു.കേന്ദ്രം തിങ്കളാഴ്ച മറുപടി നല്‍കണം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ കളളപ്പണം വെളുപ്പിക്കുന്നതിനെതിരെയുളള നിയമം പ്രയോഗിച്ചേക്കാമെന്ന് ഹര്‍ജിക്കാര്‍ ആശങ്ക ഉന്നയിച്ചു. ഈ തീരുമാനത്തിന്‍റെ ഭരണഘടനാസാധുത പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.