നാലു വർഷത്തിന് ശേഷം സ്വന്തം ബന്ധുക്കളെ കണ്ടെത്താനായതിൽ സോംശേഖർ എന്ന ബംഗളൂരു സ്വദേശി നന്ദി പറയുന്നത് ആധാർ കാർഡിനോടാണ്. കാസർഗോഡ് മഞ്ചേശ്വരം സ്നേഹാലയ ആശ്രമത്തിൽ കഴിയുന്നതിനിടയിലാണ് മാനസിക രോഗിയായ സോംശേഖർ ആധാറിലൂടെ സ്വന്തം ബന്ധുക്കളെ കണ്ടെത്തിയത്.
ആധാറുമായി ബന്ധപ്പെട്ട വിമർശനങ്ങളും ചർച്ചകളും തുടരുന്നതിനിടയിലാണ് സ്വന്തം രക്തബന്ധങ്ങളെ കണ്ടെത്താൻ ഒരു മാനസികരോഗിക്ക് ആധാർ തുണയായതിന്റെ കഥയെത്തുന്നത്. ബംഗലുരു നിലമംഗലം സ്വദേശിയായ സോംശേഖറിനെ നാലുവർഷം മുമ്പായിരുന്നു കാണാതാവുന്നത്. ആറുമാസത്തെ അലച്ചിലിനൊടുവിൽ മംഗലൂരുവിലെത്തി. പിന്നീട് മൂന്നര വർഷക്കാലം മഞ്ചേശ്വരം പാവൂരിലെ സ്നേഹാലയത്തിന്റെ തണലിൽ. ഇക്കാലയളവിനിടെ ബന്ധുക്കൾ സോംശേഖറിനായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചിരുന്നില്ല. ആശ്രമത്തിലെ അന്തേവാസികൾക്ക് ആധാർ കാർഡെടുക്കാനുള്ള അധികൃതരുടെ തീരുമാനമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
ഈ വിവരം സ്നേഹാലയം അധികൃതർ തന്നെ ബന്ധുക്കളെ വിളിച്ചറിയിച്ചു. നാലുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം കൂടപ്പിറപ്പിനെ കണ്ടെത്താനായതിന്റെ സന്തോഷം സോം ശേഖറിന്റെ സഹോദരനും മറച്ച് വച്ചില്ല. നേപ്പാൾ സ്വദേശി അടക്കം മറ്റു നാലുപേരുടെ ബന്ധുക്കളെയും ആധാർവഴി കണ്ടെത്താനായിട്ടുണ്ട്. ഇത്തരത്തിലുള്ള 86 മാനസികരോഗികളെയാണ് ഇതുവരേ സ്നേഹാലയം അധികൃതർ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്. നിലവിൽ 126 പേരാണ് സ്നേഹാലയത്തിന്റെ തണലിൽ കഴിയുന്നത്.