ആധാർ പദ്ധതിയെയും ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഫെയ്സ്ബുക്, വിൻഡോസ്, ആൻഡ്രോയ്ഡ് മുതലായ ഡിജിറ്റൽ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളർച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. 'ഹിറ്റ് റിഫ്രെഷ്' എന്ന തന്റെ പുസ്തകത്തിലാണ് ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ അഭിപ്രായ പ്രകടനം.
‘ആധാർ പദ്ധതിയിൽ ഇപ്പോൾ 100 കോടിയിലധികം ജനങ്ങൾ അംഗങ്ങളാണ്. വിൻഡോസ്, ആൻഡ്രോയ്ഡ്, ഫെയ്സ്ബുക് തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളുടെ വളർച്ചയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കും’– സത്യ പറഞ്ഞു. വിമർശനങ്ങൾ കുമിഞ്ഞുകൂടുന്നതിനിടെ ആധാറിനെ പ്രശംസിച്ച് ടെക് ലോകത്തെ മുൻനിര കമ്പനി മേധാവി രംഗത്തെത്തിയത് കേന്ദ്ര സർക്കാരിന് ആശ്വാസമായി.
പുതിയ ഡിജിറ്റൽ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറൻസി രഹിതവുമായി ഇടപാടുകൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് (എപിഐ) കൂട്ടായ്മയാണിത്.
‘വ്യവസായ നയം, പൊതുമേഖലയിലെ നിക്ഷേപം, നിക്ഷേപ സൗഹൃദാന്തരീക്ഷം തുടങ്ങിയവ ഏകോപിപ്പിച്ചതാണ് ചൈനയുടെ വിജയം. ചൈനയുടെ വിജയമാതൃക മറ്റുള്ള രാജ്യങ്ങളും അനുകരിക്കുന്നുണ്ട്. ഇതിന്റെ മികച്ച പതിപ്പാണ് ഇന്ത്യസ്റ്റാക്ക്’– സത്യ നാദെല്ല പറഞ്ഞു.
ബെംഗളൂരുവിൽ വന്നപ്പോൾ നന്ദൻ നിലേക്കനിയുമായി കൂടിക്കാഴ്ച നടത്തിയതും ഇന്ത്യസ്റ്റാക്ക്, ആധാർ എന്നിവയെപ്പറ്റി ചർച്ച ചെയ്തതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നാക്കമായിരുന്ന ഇന്ത്യ ഇപ്പോൾ വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതിന് ആധാറും ഇന്ത്യസ്റ്റാക്കും വലിയ സംഭാവനയാണ് നൽകുന്നത്. ഇ–ഹെൽത്ത് സ്റ്റാർട്ടപ്പ് കമ്പനി ‘എൻലൈറ്റിക്സി’നെയും നാദെല്ല പ്രശംസിച്ചു.
ഇന്ത്യയിലും ചൈനയിലും മാത്രമല്ല ഈ മുന്നേറ്റമുണ്ടായിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. ചിലെ, ഇന്തൊനീഷ്യ, പോളണ്ട്, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഈജിപ്ത് എന്നിവിടങ്ങളിലും സാങ്കേതിക രംഗം മുന്നേറുകയാണെന്നു സത്യ നാദെല്ല പറഞ്ഞു. ലോകത്തെ നിയന്ത്രിക്കുന്ന ടെക് സംരംഭങ്ങളില്‍ വലിയ സ്ഥാനമുണ്ട് മൈക്രോസോഫ്റ്റിന്. കമ്പനിയുടെ വലിയ സംസ്‌കാരത്തെക്കുറിച്ചും കമ്പനിയുടെ ആത്മാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് ഹിറ്റ് റിഫ്രെഷ് എന്ന് സത്യ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.