ബിജെപി നേതാക്കളുടെ വിവാദപ്രസ്താവനകള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തി. താജ്മഹലുമായി ബന്ധപ്പെട്ട്, ഇരുന്നൂറ്റിമുപ്പത്തിയഞ്ചു കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് യുപിയിലെ ഒരു ബിജെപി മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. അതേസമയം, ജനങ്ങളെ ജാതിതിരിച്ച് കാണുന്നവരാണ് തന്‍റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന മുന്‍നിലപാട് തിരുത്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലെത്തിയത്. രാവിലെ എട്ട് നാല്‍പ്പത്തഞ്ചോടെ ആഗ്രയിലെത്തിയ യോഗി ആഗ്ര കോട്ട സന്ദര്‍ശിക്കുകയും താജ്മഹലിനു സമീപം ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള വിനോദ സഞ്ചാരപാതയുടെ ശിലാസ്ഥാപനവും യോഗി നിര്‍വഹിച്ചു. ആഗ്ര കോട്ടയിലെ സന്ദര്‍ശനത്തിനു ശേഷം താജ്മഹലിന്‍റെ അധികൃതരുമായി മുഖ്യമന്ത്രി അവലോകനയോഗം നടത്തി. താജ്മഹല്‍ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനും ജനങ്ങള്‍ക്കുമുണ്ടെന്ന് ആഗ്രയിലെ പൊതുയോഗത്തില്‍ യോഗി പറഞ്ഞു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം കഴിഞ്ഞ മേയില്‍ യോഗി ആഗ്രയിലെത്തിയെങ്കിലും താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതും ആദ്യ ബജറ്റില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പണമനുവദിക്കാതിരുന്നതും വിവാദമായിരുന്നു. താജ്്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗിയുടെ സന്ദര്‍ശനം. എന്നാല്‍, ഇന്ത്യക്കാരുടെ വിയര്‍പ്പാണ് താജ്മഹലിന്‍റെ നിര്‍മാണത്തിനു പിന്നിലെന്ന് യോഗി പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.