ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
താജ് മഹല്‍ സന്ദര്‍ശിച്ച് ഫത്തേപൂര്‍ സിക്രിയിലേക്ക് പോകാനൊരുങ്ങിയ സ്വിസ് ദമ്പതികള്‍ക്ക് നേരെയാണ് നാലംഗ സംഘത്തിന്‍റെ ക്രൂരമായ ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ ക്വെന്‍റിന്‍ ജെര്‍മി ക്ലര്‍ക്കിനും ഭാര്യ മേരി ഡ്രോസിനും ഗുരുതരമായി പരുക്കേറ്റു. ഭാര്യയുടൊപ്പം നിന്ന് നിര്‍ബന്ധിച്ച് സെല്‍ഫി എടുക്കാനുള്ള യുവാക്കളുടെ ശ്രമം ക്വെന്‍റിന്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ഫത്തേപ്പുര്‍ സിക്രി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികളെ അക്രമികള്‍ വീണ്ടും തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തു. കയ്യേറ്റം ചെറുത്തതോടെ ക്രൂരമായി മര്‍ദിച്ചു.
വടിയും കല്ലും കൊണ്ട് നടത്തിയ അക്രമത്തില്‍ ക്വെന്‍റിന്‍റെ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റു. ഇരുവരും ആഗ്രയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ദമ്പതികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് സംസ്ഥാനസര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പരുക്കേറ്റ ദമ്പതികളെ സന്ദര്‍ശിച്ച് സഹായം നല്‍കാന്‍ മന്ത്രാലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. വിനോദ സഞ്ചാരികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും അദ്ദേഹം ആഗ്രയില്‍ പറഞ്ഞു.
സ്വിസ് ദമ്പതികള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ വിളിച്ച് അതൃപ്തി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.