താജ്മഹല്‍ വിവാദം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും.പൈതൃകത്തില്‍ അഭിമാനിച്ചു മാത്രമെ രാജ്യത്തിന് മുന്നോട്ടു പോകാന്‍ കഴിയുകയുളളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുമൊഴുക്കിയാണ് താജ്മഹല്‍ നിര്‍മിച്ചതെന്ന് അഭിപ്രായപ്പെട്ട യോഗി ആദിത്യനാഥ്, ഈമാസം ഇരുപത്തിയാറിന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അതേസമയം, താജ്മഹല്‍ മാത്രമല്ല രാഷ്ട്രപതി ഭവന്‍ അടക്കമുളള നിര്‍മിതികളും പൊളിച്ചുകളയണമെന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ പരാമര്‍ശം വിവാദമായി.
താജ്്മഹല്‍നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്‍റെ പ്രസ്താവന വന്‍വിവാദമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും വിഷയം തണുപ്പിക്കാന്‍ രംഗത്തെത്തിയത്. ചരിത്രത്തിലും പൈതൃകത്തിലും അഭിമാനിച്ചുമാത്രമെ രാജ്യത്തിന് മുന്നോട്ടു പോകാന്‍ കഴിയുകയുളളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
താജ്മഹല്‍ ആരുനിര്‍മിച്ചുവെന്നത് പ്രസക്തമല്ലെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ലോക മഹാല്‍ഭുതത്തിന് പിന്നില്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പുമുണ്ട്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, അടിമത്തത്തിന്‍റെ ചിഹ്നങ്ങളായ പാര്‍ലമെന്‍റ് മന്ദിരം, ചെങ്കോട്ട, ഖുത്തബ് മിനാര്‍ എന്നിവയും പൊളിക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ പ്രതികരിച്ചു. ഇതിന് ബിജെപി തയാറാകാത്തത് രാഷ്ട്രീയ ഷണ്ഡത്വമാണെന്നും അസംഖാന്‍ ആരോപിച്ചു.