തോമസ് ചാണ്ടിയുമായി സിപിഎമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് ഹൈക്കോടതിയിലെ കേസിൽ ഹാജരാകുന്നതിൽ നിന്ന് എ.എ.ജിയെ ഒഴിവാക്കിയ സംഭവമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എ.എ.ജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂർവ്വമാണ്.
സിപിഎമ്മിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന അഭിഭാഷകനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഘടകക്ഷിയെന്ന നിലയിൽ സിപിഐയുടെ സേവനത്തേക്കാൾ സിപിഎം വിലമതിക്കുന്നത് തോമസ് ചാണ്ടിയുടെ സമ്പത്തിനേയാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സിപിഎം തെളിയിച്ച സ്ഥിതിക്ക് സിപിഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ കയ്യേറ്റം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവ സ്ഥലം സന്ദർശിക്കണം എന്നാവശ്യപെട്ട് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സബ് കമ്മറ്റിക്ക് ആഴ്ചകൾ മുൻപ് പരാതി കൊടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.