ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.
രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി
അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.
58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി.