കെപിസിസി പട്ടികയിലെ എഴുകോണ്‍ ബ്ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊടിക്കുന്നില്‍ സുരേഷിന് മറുപടിയുമായി ഉമ്മന്‍ചാണ്ടിയും പി.സി വിഷ്ണുനാഥും. കെപിസിസി പട്ടികയില്‍നിന്ന് വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വിഷ്ണുനാഥ് എ.ഐ.സി.സി ഭാരവാഹിയാണ്. അങ്ങിനെയൊരാളെ മാറ്റാന്‍ ദേശീയനേതൃത്വം തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. 24 വയസുമുതല്‍ താന്‍ എഴുകോണ്‍ ബ്ലോക്കില്നിന്നുളള കെപിസിസി അംഗമാണെന്ന് വിഷ്ണുനാഥും പ്രതികരിച്ചു. അത് തുടരണമോയെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയില്‍ ഉന്നതനേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണുനാഥിനെ മാറ്റി എഴുകോണ്‍ ബ്ലോക്കില്‍നിന്ന് വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഇതിനിടെ, കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിനെതിരേയുള്ള സ്റ്റേ തിരുവനന്തപുരം മുന്‍സിഫ് കോടതി നീക്കി. തിരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടനപ്രകാരമാണെന്നും പരാതികള്‍ക്ക് പാര്‍ട്ടിയില്‍ സംവിധാനമുണ്ടെന്നുമുളള കെ.പി.സി.സിയുടെ വാദം അംഗീകരിച്ചാണ് സ്റ്റേ ഉത്തരവ് നീക്കി ഹര്‍ജി തള്ളിയത്.
Advertisement