കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ എഴ് ജില്ലകളിൽ െഎ ഗ്രൂപ്പിന് മുൻതൂക്കം. ആറ് ജില്ലകളിൽ എ ഗ്രൂപ്പ് മേൽക്കൈ നേടിയപ്പോൾ എറണാകുളത്ത് ഇരുപക്ഷത്തിനും തുല്യബലമാണ്. 282 അംഗ പട്ടികയിൽ ഗ്രൂപ്പിന് പുറത്തുള്ള 22 പേർ ഇടം കണ്ടു. നാളെ ചേരുന്ന പുതിയ കെ.പി.സി.സി അംഗങ്ങളുടെ യോഗം രാഹുൽ ഗാന്ധിയെ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയം പാസാക്കും
കൊല്ലം, ആലപ്പുഴ, ഇടുക്കി,തൃശൂർ,പാലക്കാട്, കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിൽ െഎ ഗ്രൂപ്പ് മേൽക്കൈ നേടിയപ്പോൾ തിരുവനനന്തപുരം, പത്തനംതിട്ട, കോട്ടയം,വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ എ ഗ്രൂപ്പിനാണ് മുൻതൂക്കം. 28 ബ്ലോക്കുകളുള്ള എറണാകുളത്ത് ഇരുപക്ഷത്തിനും 12 വീതം അംഗങ്ങളുണ്ട്. ആകെയുള്ള 304 അംഗ പട്ടികയിൽ 146 പേർ െഎ ഗ്രൂപ്പിൽ നിന്നുള്ളവരും 136 പേർ എ ഗ്രൂപ്പിൽ നിന്നുള്ളവരുമാണ്. ഗ്രൂപ്പിന് പുറത്തുള്ള 22 പേർ പട്ടികയിൽ ഇടം പിടിച്ചു. പന്തളത്ത് കെ.ജി അനിതയെ മാറ്റി കൊടിക്കുന്നിൽ സുരേഷിന്റ നോമിനി സരോജിനി ബാലനെ ഉൾപ്പെടുത്തിയതും ചവറയിൽ ബിന്ദു ജയനെ ഒഴിവാക്കി ആദ്യ പട്ടികയിലുണ്ടായിരുന്ന െഎ.എൻ.ടി.യു.സി നേതാവ് കെ. സുരേഷ് ബാബുവിനെ നിലനിർത്തിയതുമാണ് അന്തിമ പട്ടികയിലുണ്ടായ മാറ്റങ്ങൾ. ബിന്ദുജയനെ ഒഴിവാക്കിയതോടെ കൊല്ലം ജില്ലയിൽ വനിത പ്രാതിനിധ്യം ഇല്ലാതായി. എഴുകോണിൽ പി.സി വിഷ്ണുനാഥിനെ മാറ്റി വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്ന കൊടിക്കുന്നിൽ സുരേഷിന്റേയും അഞ്ചാലുംമൂട്ടിൽ സുരജ് രവിയെ ഉൾപ്പെടുത്തണമെന്ന വി.എം സുധീരന്റ ആവശ്യവും നടപ്പായില്ല. കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായ വിത്യാസങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് ശശി തരൂര്‍ എം. പി.
ആദ്യപട്ടികയിൽ ഇല്ലാതിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ കുണ്ടറയിൽ നിന്നും കെ.പി.സിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് ഇടുക്കിയിലെ നെടുങ്കണ്ടം ബ്ലോക്കിൽ നിന്നൂം പട്ടികയിൽ ഉൾപ്പെട്ടു. വി.എം സുധീരന്റ നോമിനികളായി മണക്കാട് സുരേഷ്, ടോമി കല്ലാനി, ജോൺസൺ ഏബ്രഹാം, ടി.എൻ പ്രതാപൻ എന്നിവർ പട്ടികയിലുണ്ട്. തിരുവനന്തപുരം മംഗലപുരത്തുള്ള ആറ്റിപ്ര അനിലും, ആലുവയിൽ നിന്നുള്ള ഷിയോ പോളുമാണ് പി.സി ചോക്കോ നിർദേശിച്ചവർ.