തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റക്കേസിൽ റവന്യൂമന്ത്രിയും അഡ്വക്കേറ്റ് ജനറലും നേർക്കുനേർ. കേസിൽ ആര് ഹാജരാകണമെന്ന് താൻ തീരുമാനിക്കുമെന്ന നിലപാടിൽ എജി ഉറച്ചു നിൽക്കുമ്പോൾ , അഡിഷണൽ എജി രഞ്ജിത്ത് തമ്പാൻ തന്നെ വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. എജിയെയും റവന്യൂസെക്രട്ടറിയെയും കടുത്തഭാഷയിൽ വിമർശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
മന്ത്രി തോമസ് ചാണ്ടി കായൽകൈയ്യേറി, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി എന്ന കേസുകളെ സംബന്ധിച്ചാണ് രൂക്ഷമായ തർക്കം ഉടലെടുത്തിരക്കുന്നത്. കേസിൽ അഡി·ഷണൽ എജി രഞ്ജിത്ത് തമ്പാനെയാണ് റവന്യൂ വകുപ്പ് ചുതമതല ഏൽപ്പിച്ചിരുന്നത്. ഇത് മാറ്റി സ്്റ്റേറ്റ് അറ്റേർണി കെ.വി. സോഹനെ കേസ് ഏൽപ്പിക്കാൻ എജി തീരുമാനിച്ചതാണ് റവന്യൂ വകുപ്പിനെ ചൊടിപ്പിച്ചത്. ഇത് സാധ്യമല്ല എന്ന് കാണിച്ച് റവന്യൂമന്ത്രി എജിക്ക് കത്തു നൽകി. എജി ഇതിന് മറുപടി നൽകിയില്ലെന്ന് മാത്രമല്ല, കേസിൽആര് ഹാജരാകണമെന്ന് താൻതീരുമാനിക്കുമെന്ന് പറയുകയും ചെയ്തു. ഇതിനോട് റവന്യൂമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് എജിയുടെ നടപടികളെന്ന വിമർശനം സിപിഐ ഉയർത്തുന്നു. മൂന്നാർ കേസിൽ നിന്നും രഞ്ജിത്ത് തമ്പാനെമാറ്റാൻ നീക്കം നടന്നിരുന്നു. ഭൂമികേസുകളിലെ ഈ ഇടപെടൽ സിപിഐ, സിപിഎം ഭിന്നതക്ക് ആക്കം കൂട്ടിയിട്ടുണ്ട്.