മന്ത്രി തോമസ് ചാണ്ടിയുടെ കായൽകയ്യേറ്റത്തെ കുറിച്ച് ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി റവന്യൂമന്ത്രിയുടെ ശുപാർശകളും മുഖ്യമന്ത്രിക്ക് നൽകിയേക്കും. അതേസമയം തോമസ് ചാണ്ടിക്കെതിരെ ഉടൻ നടപടിയെടുക്കാനുള്ള സാധ്യത കുറവാണ്.
ലേക്ക്പാലസ് റിസോട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനങ്ങളാണ് മന്ത്രിതോമസ് ചാണ്ടിക്കെതിരെ കലക്ടർ ടിവി.അനുപമയുടെ റിപ്പോർട്ട് അക്കമിട്ട് പറയുന്നത്. നെൽവയൽ, നീർത്തട നിയമമനുസരിച്ച് ക്രിമിനൽകേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഇത് റവന്യൂമന്ത്രി ചന്ദ്രശേഖരൻ വിശദമായി പരിശോധിക്കും. റവന്യൂവകുപ്പ് അഡിഷണൽചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ആരായും. നിയമപരമായുള്ള കാര്യങ്ങളെകുറിച്ച് അഡിഷണൽഎജി രഞ്ജിത് തമ്പാന്റെ അഭിപ്രായം ചോദിക്കാനും ഇടയുണ്ട്. ഇവ കണക്കിലെടുത്തശേഷം റിപ്പോർട്ടും അതെകുറിച്ചുള്ള വിലയിരുത്തലും റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും.
ഇക്കാര്യത്തിൽ കൂടുതൽ നിയോമപദേശം തേടിയശേഷം മുന്നണിയിലും ചർച്ചചെയ്യേണ്ടതുണ്ട്. കോടതി പരിഗണിക്കുന്നകാര്യമായതിനാൽ , എടുത്തുചാടിയുള്ള നടപടിവേണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാവും മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടി സ്വീകരിക്കുക. എൽഡിഎഫിന്റെ ജനജാഗ്രതയാത്ര കഴിയുന്നത് വരെ മന്ത്രിക്കെതിരെ നടപടിവരാൻ സാധ്യതകുറവാണ്. പക്ഷെ ഗുരുതരമായ കണ്ടെത്തലുകളുള്ള കലക്ടറുടെ റിപ്പോർട്ട് സർക്കാരിന് അവഗണിക്കാനുമാവില്ല. കലക്ടരുടെ റിപ്പോർട്ടിെെ അടിസ്ഥാനമാക്കി. മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് ആരോപണങ്ങൾ ഒന്നുകൂടി അന്വേഷിപ്പിക്കാനുള്ള തീരുമാനവും സർക്കാരിന് കൈക്കൊള്ളാം.