മന്ത്രി തോമസ്ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോർട്ടിൽ നിയമനടപടി വേണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
ആലപ്പുഴ ജില്ലാകലക്ടർ ടി.വി.അനുപമ റിപ്പോർട്ട് കൈമാറിയശേഷം ആദ്യമായാണ് ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ റവന്യൂമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനൽ കുറ്റമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് തോമസ് ചാണ്ടിക്ക് കലക്ടര്‍ നോട്ടിസ് നല്‍കും. ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണ്ടിവരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി അനിവാര്യമാണെന്നും റവന്യൂമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കോർട്ടിൽ എത്തിയതോടെ, നാളത്തെ മന്ത്രിസഭായോഗം റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന. റിപ്പോർട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികളിൽ നിയമോപദേശം തേടാനുള്ള തീരുമാനം കൈക്കൊണ്ടേക്കും. ഇടതുമുന്നണിയുടെ മേഖലാജാഥകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട നീക്കങ്ങൾക്ക് സർക്കാർ തുനിഞ്ഞേക്കില്ല.