സാങ്കേതിക സർവകലാശാലയിലെ എണ്ണായിരത്തോളം എൻജിനീയറിങ് വിദ്യാർഥികൾ ഇയർ ഒൗട്ട് ഭീഷണിയിൽ. സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലെ പിടിപ്പുകേടും സമയത്തിന് സപ്്ളിമെന്ററി പരീക്ഷ നടത്താത്തതുമാണ് കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. അതേസമയം പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് സർവകലാശാല.
ഒന്നുംരണ്ടുമല്ല, എണ്ണായിരത്തോളം ബിടെക്ക് വിദ്യാർഥികളാണ് ഇയർ ഒൗട്ട് ഭീഷണി നേരിടുന്നത്. ആദ്യരണ്ട് സെമസ്റ്ററുകളിലായി 26 ക്രെഡിറ്റ് കിട്ടാത്തവർക്ക് മൂന്നാം സെമസ്റ്റിറിലേക്ക് കടക്കാനാവില്ല. പിന്നീട് ആറ് മാസം കാത്തിരുന്നാലെ സപ്്ളിമെന്ററി പരീക്ഷ എഴുതാനാവൂ. ഇതോടെ ഒരുവർഷം വിദ്യാർഥികൾക്ക് നഷ്ടപ്പെടും. രണ്ട് സപ്്ളിമെന്ററി പരീക്ഷകൾ കാലതാമസമില്ലാതെ നടത്തണമെന്ന നിബന്ധന സാങ്കേതിക സർവകലാശാല പാലിക്കാറില്ല. ഇപ്പോഴുള്ള മൂന്ന് ബാച്ചുകൾക്ക് ആകെ ഒരു സപ്ളിമെന്ററിയേ നടത്തിയിട്ടുള്ളൂ.
ഇതിനും പുറമെയാണ് പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥത. മൂല്യനിർണ്ണയം അപ്പാടെ അവതാളത്തിലാണെന്ന് കുട്ടികൾ പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച കോളജായ തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിൽ സപ്്ളിമെന്ററി പരീക്ഷ എഴുതിയ 32 പേരിൽ 30പേരും തോറ്റത് ഇതിന് ഉദാഹരണമാണ്. കൂട്ട തോൽവി നേരിട്ട മാനുഫാക്ച്ചറിങ് ടെക്നോളജി വിദ്യാർഥികൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനും പുറമെയാണ് സ്വകാര്യകമ്പനി നൽകിയ സോഫ്റ്റ്വെയർഉപയോഗിച്ച് മാർക്ക് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള അപാകതകൾ. ഇതിനൊന്നും പരിഹാരം കാണാതെ സർവകലാശാലയും വിദ്യാഭ്യാസവകുപ്പും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.