വെറ്ററിനറി സർവകലാശാലയിലെ 100 ഡിഗ്രി സീറ്റുകൾ വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ റദ്ദുചെയ്തു. ഇതോടെ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. സീറ്റുകളുടെ എണ്ണത്തെകുറിച്ച് കേന്ദ്ര സർക്കാരും വി.സി.ഐയും സ്വീകരിക്കുന്ന കടുംപിടുത്തമാണ് പ്രതിസന്ധി ഉണ്ടാക്കിയത്.
വെറ്ററിനറി സയൻസ് പഠിക്കാമെന്ന് ഉറപ്പിച്ച 100 കുട്ടികളാണ് കേന്ദ്ര സർക്കാരിന്റെയും വെറ്റനിറി കൗൺസിലിന്റെയും കടുംപിടുത്തത്തിന് മുന്നിൽ ഉന്നതപഠനം മുടങ്ങി നിൽക്കുന്നത്. പൂക്കോട് , മണ്ണുത്തി കാമ്പസുകളിലായി ആകെ 260 ബാച്ചിലർഒഫ് വെറ്ററിനറി സീറ്റുകളുണ്ടായിരുന്നു. 160 മാത്രമെ കേന്ദ്രനിയമപ്രകാരം അംഗീകരിക്കൂ എന്ന കടുംപിടുത്തത്തിലാണ് വെറ്ററിനറി കൗൺസിൽ. ഇതോടെ പ്രവേശനം ഉറപ്പിച്ച 100 പേർപെരുവഴിയിലായി. 160 സീറ്റിൽ കൂടുതൽ വേണെങ്കിൽ കേന്ദ്രസർക്കാരിന്റെ പ്രത്യക അനുമതിവേണം. കേന്ദ്രകൃഷി മന്ത്രാലയത്തിലേക്ക് സർവകലാശാല ആവർത്തിച്ച് കത്തയച്ചെങ്കിലും മറുപടിയില്ല. ഇതിനിടയിൽ പ്രശ്നം കോടതിയിലേക്കും എത്തി. ഇടക്കാലഉത്തരവിലൂടെ പ്രവേശനം തടഞ്ഞ കോടതി, വിസിഐയുടെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും അഭിപ്രായം ആരാഞ്ഞു. അവിടെയും സർക്കാരം വിസിഐയും നിലപാടറിയിച്ചിട്ടില്ല.
ഈമാസം 31 ന് പ്രവേശന പ്രക്രിയ അവസാനിക്കും. അതിന് മുൻപ് അനുകൂലതീരുമാനം കോടതിയിൽ നിന്നോ വി.സിഐ.യിൽ നിന്നോ വന്നില്ലെങ്കിൽ 100 പേർക്ക് സർക്കാർഫീസിൽ പ്രൊഫഷണൽവിദ്യാഭ്യാസത്തിനുള്ള വഴിയടയും.