ഇരുപത്തിയഞ്ച് വർഷക്കാലം കേരളാ കോൺഗ്രസ് എം. കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ.ജെ.ആഗസ്തിയെ മാറ്റി. സണ്ണി തെക്കേടമാണ് പുതിയ പ്രസിഡന്റ്. ഇ.ജെ. ആഗസ്തിയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് അഭിപ്രായമുയർന്നെങ്കിലും നേതൃത്വം സണ്ണിയ്ക്ക് പിന്തുണ നൽകുകയായിരുന്നു.
1992 മുതൽ കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് , 24 വർഷക്കാലം കോട്ടയത്തെ യുഡിഎഫ് ചെയർമാൻ പതിനാറ് വർഷക്കാലം പാർട്ടിയുടെ പാലാ നിയോജകണ്ഡലം പ്രസിഡന്റ് തുടങ്ങി പദവികൾ വഹിച്ചശേഷമാണ് ഇ.ജെ. ആഗസ്തിയുടെ പടിയിറക്കം. പാർട്ടിയുടെ ശക്തനായ വക്താവായി നിൽക്കെ ഇക്കഴിഞ്ഞ മെയിൽ ജില്ലാ പഞ്ചായത്തിൽ കേരളാ കോൺഗ്രസ് സിപിഎം പിന്തുണയോടെ അധികാരത്തിലെത്തിയതിൽ ഇ.ജെ ആഗസ്തിയ്ക്ക് ശക്തമായ പ്രതിഷേം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് രാജിസന്നദ്ധത അറിയിച്ച ആഗസ്തിയെ കെ.എം.മാണിതന്നെ ഇടപെട്ട് അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു.
പലകുറി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാർട്ടി നേതൃത്വം അതിന് വഴങ്ങിയിരുന്നില്ല. ഇക്കുറിയും ആഗസ്തിയ്ക്ക് അവസരം നീട്ടിനൽകണമെന്ന് എംഎൽഎമാർക്കിടയിൽ അഭിപ്രായമുയർന്നിരുന്നു. ഇതിനിടെ സണ്ണി തെക്കേടത്തി്ന്റെ പേരും ഉയർന്നു വന്നു. ജോസ് കെ മാണിയുടെ ശക്തമായ പിന്തുണയും സണ്ണിയ്ക്ക് തുണയായി. തുടർന്ന് നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സണ്ണിയ്ക്ക് നറുക്കു വീണത്. ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്ന് ഇ.ജെ. ആഗസ്തി പ്രതികരിച്ചു.
ജില്ലാ പഞ്ചായത്തിലെ പാർട്ടിയുടെ നീക്കത്തിന് ചുക്കാൻ പിടിച്ചതും സണ്ണി തെക്കേടമായിരുന്നു. അതേസമയം ജനാധിപത്യസ്വഭാവുള്ള പാർട്ടിയെന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യം നൽകാറുണ്ടെന്നും തീരുമാനം ഏകകണ്ഠമായിരുന്നെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.