യു.ഡി.എഫിൽ തിരിച്ചെത്തുന്ന കാര്യത്തിൽ കേരള കോൺഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടർചർച്ചകൾ മതിയെന്ന് കോൺഗ്രസിൽ ധാരണ. അതേസമയം കെ.എം.മാണിയെ തിടുക്കപ്പെട്ട് തിരിച്ചുകൊണ്ടുവരുന്നതിൽ െഎ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. എന്നാല്‍ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ വ്യക്തിപരമായ എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നായിരുന്നു കെ.മുരളീധരന്റ പ്രതികരണം.
കോട്ടയത്ത് നടന്ന പൊതുചടങ്ങിൽ ഉമ്മൻചാണ്ടിയും കെ.എം മാണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോൺഗ്രസിന്റ തിരിച്ചുവരവ് ചർച്ച വീണ്ടും സജീവമാക്കിയത്. എന്നാൽ തിരിച്ചുവരുന്നകാര്യത്തിൽ കേരള കോൺഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടർചർച്ച മതിയെന്നാണ് കോൺഗ്രസിലെ ധാരണ. ഡിസംബറില്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് കെ.എം മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ട തില്ല. മാത്രമല്ല, കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ഇടതുമുന്നണി ബന്ധം ഇപ്പോഴും തുടരുന്നു. മാണിയെ തിരിച്ചെത്തിക്കാനുള്ള തിടുക്കപ്പെട്ട ശ്രമത്തിൽ െഎ ഗ്രൂപ്പിലെ ചിലർക്ക് എതിർപ്പുണ്ട്. കേരള കോൺഗ്രസുമായി ഇനി ബന്ധവുമില്ലെന്ന് പ്രമേയം പാസാക്കിയവർ തന്നെയാണ് ഇപ്പോൾ പിന്നാലെ നടന്ന് വിളിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കണമെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായ എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നും കെ.മുരളീധരൻ എം.എൽ.എ പ്രതികരിച്ചു. അടുത്ത രാഷ്ട്രീയകാര്യസമിതിയും യു.ഡി.എഫും ഇക്കാര്യം ചർച്ച ചെയ്യും.