മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം വേങ്ങര ഉപതിരഞ്ഞെടുപ്പിലും മുഖ്യവിഷയമായി കെ.എം. മാണിയുടെ മടങ്ങി വരവ്. ബി.ജെ.പി, ഇടതു വിരുദ്ധ ജനാധിപത്യ ചേരിയിൽ കെ.എം. മാണി കൂടി വേണമെന്ന് ഉമ്മൻ ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. തിരിച്ചു വരുന്ന കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്ന് രമേശ് ചെന്നിത്തലയും എം.എം. ഹസനും പറഞ്ഞു.
കെ.എം. മാണി എന്നും യു.ഡി.എഫിന്റെ ശക്തനായ കൂട്ടാളിയാണന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അദ്ദേഹത്തെ യു.ഡി.എഫിൽ നിന്ന് പറഞ്ഞു വിടാൻ ആരും ശ്രമിച്ചിട്ടില്ല. ജനാധിപത്യചേരിയിൽ കെ.എം. മാണിയെ ഇനിയും ആവശ്യമുണ്ടെന്നും വ്യക്തമാക്കി. കെ.എം. മാണി വേങ്ങരയിൽ എത്തുന്നത് യു.ഡി.എഫ് പ്രചാരണത്തിന് ശക്തി പകരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വയം വിട്ടു പോയ കേരള കോൺഗ്രസ് മടങ്ങി വരവിന്റെ കാര്യത്തിലും സ്വന്തം തീരുമാനമെടുക്കണം. മാണി മടങ്ങി വരാൻ തയാറെങ്കില്‍ അതിനെ പ്രതീക്ഷയോടെ കാണുന്നൂവെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. ഉടൻ ഉണ്ടാവില്ലെങ്കിലും കേരള കോൺഗ്രസ് ഭാവിയിൽ യു.ഡി.എഫിലേക്ക് തന്നെ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.