സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ കോഫെപോസ ചുമത്തപ്പെട്ട പ്രതി അബു ലൈസ് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്ത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവര്‍ക്കൊപ്പം ലൈസ് ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് എടുത്തതാണ് ചിത്രങ്ങള്‍. ടി. സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 2016 ഏപ്രിലിലാണ് ചിത്രങ്ങള്‍ എടുത്തത്.
എന്നാൽ അബു ലൈസുമായി വ്യക്തിബന്ധമില്ലെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. ദുബായിലെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണെന്നും സിദ്ദിഖ് പറഞ്ഞു. ലൈസുമായി വ്യക്തിബന്ധമോ ബിസിനസ് ബന്ധമോ ഇല്ലെന്ന് പി.കെ ഫിറോസും മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ കോഫെപോസ പ്രതി അബു ലെയ്സിന് നാട്ടിലെത്തി മടങ്ങാൻ പൊലീസ് സഹായമുണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. മൂന്ന് തവണ കൊടുവള്ളിയിലെ വീട്ടിലെത്തി മടങ്ങിയ വിവരം പൊലീസും രഹസ്യാന്വേഷണ വിഭാഗവും മറച്ചുവച്ചു. ഉത്തർപ്രദേശ് വഴി കേരളത്തിലെത്താനുള്ള ശ്രമത്തിനിടെ യു.പി പൊലീസ് പിടികൂടിയ അബു ലെയ്സ് രാഷ്ട്രീയ ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു. കുന്ദമംഗലം, കൊടുവള്ളി എംഎൽഎമാരുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം തെളിയിക്കുന്നതിന്റെ കൂടുതൽ ചിത്രങ്ങളും ഡിആർഐയ്ക്ക് ലഭിച്ചു.
കാഠ്മണ്ടു വഴി ഉത്തർപ്രദേശിലൂടെയാണ് അബു ലെയ്സ് കേരളത്തിലെത്തിയിരുന്നത്. ലുക്ക് ഔട്ട് നോട്ടീസുള്ള അബു ലെയ്സിനെ ഒരുതവണ യു.പി പൊലീസ് പിടികൂടി. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിളിയെത്തി. പ്രമുഖനായ ഇടത് നേതാവിന്റെ വിദേശയാത്രയ്ക്കിടെ അബു ലെയ്സിനൊപ്പമെടുത്ത ചിത്രവും സ്വതന്ത്രനാകുന്നതിന് ഉപയോഗിച്ചു.
മൂന്ന് തവണ നാട്ടിലെത്തി മടങ്ങിയതായി ഡിആർഐയ്ക്ക് കിട്ടിയ രേഖകൾ തെളിയിക്കുന്നു. നാട്ടിലുണ്ടെന്ന വിവരം ഡിആർഐ അറിയിച്ചിട്ടും അബു ലെയ്സിനെ പിടികൂടാതെ പൊലീസ് സഹായിച്ചു. വരവും പോക്കും അധികാരികളെ അറിയിക്കാതെ രഹസ്യാന്വേ·ഷണവിഭാഗവും ഒത്തുകളിച്ചതായി തെളിഞ്ഞിട്ടുണ്ട്. കുന്ദമംഗലം, കൊടുവള്ളി എംഎൽഎമാരുമായി അബു ലെയ്സിനുണ്ടായിരുന്ന കടുത്ത സൗഹൃദം തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തായി.
2016 ജൂണിൽ ദുബായിലെത്തിയ ഇരുവർക്കും അബു ലെയ്സും സുഹൃത്തുക്കളുമാണ് വേണ്ട സൗകര്യമൊരുക്കിയത്. വിമാനത്താവളത്തിൽ സ്വീകരിച്ചതും യാത്രയാക്കിയതും അബു ലെയ്സിന്റെ നേതൃത്വത്തിലായിരുന്നു. ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറിൽ സഞ്ചരിച്ചതോടെയാണ് വിവാദത്തിന്റെ തുടക്കം. കാറിന്റെ ഉടമ കാരാട്ട് ഫൈസൽ ഇടത് ബന്ധം ആവർത്തിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് കൊടുവള്ളി, കുന്ദമംഗലം എംഎൽഎമാർ തന്നെ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം ഊർജിതമാക്കാൻ ഡിആർഐ ശ്രമം തുടങ്ങിയത്.