യു.ഡി.എഫിന്റെ രാഷ്ട്രീയ ജാഥയായ പടയൊരുക്കത്തിന് നാളെ കാസർകോട് ഉപ്പളയിൽ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.
ജനരക്ഷായാത്രയുമായി ബി.ജെ.പിയും ,ജനജാഗ്രതാ യാത്രകളുമായി ഇടതുമുന്നണിയും ഇളക്കിമറിച്ച വഴികളിലൂടെയാണ് പടയൊരുക്കവുമായി പ്രതിപക്ഷ നേതാവിന്റെ വരവ്. കേന്ദ്ര.സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരം ഉയർത്തുകയാണ് യാത്രയുടെ പ്രധാന ഉദ്ദേശം. ഒപ്പം ജാഥകളിലൂടെ ബി.ജെ.പിയും ഇടതു മുന്നണിയും ഉയർത്തിയ അരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുക എന്നതും യു ഡി എഫ് ലക്ഷ്യമിടുന്നു.
പയൊരുക്കം മലബാർ പിന്നിടുന്നതിന് മുമ്പ് സോളാർ കമ്മീഷൻ റിപ്പോർട് നിയമസഭയുടെ മേശപ്പുറത്തെത്തും. എന്നാൽ ഈ റിപ്പോർട് യാത്രയേയും അതിന്റെ ലക്ഷ്യത്തേയും ഒരുതരത്തിലും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. നാളെ വൈകീട്ട് നാലുമണിക്കാണ് ജാഥയുടെ ഉദ്ഘാടനച്ചടങ്ങ്.