‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021’ തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്, ‘ഹരിത’ മുന്‍ നേതാക്കള്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലിടം നേടിയത്. എം.എസ്.എഫിലും മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിലും കലാപക്കൊടിയുയര്‍ത്തിയാണ് ‘ഹരിത’ മുന്‍ ഭാരവാഹികള്‍ ഈ വര്‍ഷം വാര്‍ത്തകളില്‍ ശ്രദ്ധേയരായത്. നിക്ഷേപസൗഹൃദമല്ല കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷമെന്ന് വിമര്‍ശിച്ചും, ട്വന്‍റി ട്വന്‍റി എന്ന പ്രസ്ഥാനത്തിലൂടെ മുന്നണികളെ വെല്ലുവിളിച്ചും സാബു എം.ജേക്കബ് ശ്രദ്ധേയനായി. നേമത്ത് ഉജ്വലംവിജയംനേടി വിദ്യാഭ്യാസമന്ത്രിയായി. വാര്‍ത്തകളില്‍നിറഞ്ഞ വി.ശിവന്‍കുട്ടിയെയും പ്രേക്ഷകര്‍ ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലേക്ക് തിരഞ്ഞെടുത്തു. ഗ്രൂപ്പുകളോട് കലഹിച്ച് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്ന കെ.സുധാകരന്‍ വാര്‍ത്തകളിലെ നിരന്തരസാന്നിധ്യമായി.
ന്യൂസ്മേക്കര്‍ അന്തിമപട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പിനെ നടനും സംരഭകനുമായ പ്രകാശ് ബാരെ, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് മുന്‍ സീനിയര്‍ അസി.എഡിറ്റര്‍ സരിത വര്‍മ, രാഷ്ട്രീയ നിരീക്ഷകനും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമായ ഡോ. പി.അനില്‍കുമാര്‍ എന്നിവര്‍ വിലയിരുത്തി. ‘ഹരിത’ നേതാക്കളുടെ തിരഞ്ഞെടുപ്പ് സാമൂഹികമാറ്റത്തിന് പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയുടെ അടയാളമാണെന്ന് മൂന്നുേപരും പറഞ്ഞു. വി.ഡി.സതീശന്‍, പി.ആര്‍.ശ്രീജേഷ്, അനുപമ എസ്.ചന്ദ്രന്‍, ആയിഷ സുല്‍ത്താന എന്നിവര്‍ക്ക് പ്രേക്ഷക പിന്തുണകിട്ടണമെന്ന് ആഗ്രഹിച്ചിരുന്നതായി പ്രകാശ് ബാരെ പറഞ്ഞു. കേരളം കൂടുതല്‍ രാഷ്ട്രീയമായി ചിന്തിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയനേതാക്കള്‍ക്ക് മുന്‍ഗണന കിട്ടിയതെന്ന് ഡോ.അനില്‍കുമാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ബലത്തോടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ശേഷിയുള്ളവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചതെന്ന് സരിത വര്‍മ വിലയിരുത്തി.
ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുന്‍പന്തിയിലെത്തുന്ന വ്യക്തിയാണ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടുക. മനോരമ ന്യൂസ് വെബ്സൈറ്റ്, മനോരമ മാക്സ്, എസ്.എം.എസ് എന്നിവയിലൂടെയാണ് വോട്ടെടുപ്പ്. ഈ ലിങ്കില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം.
www.manoramanews.com/newsmaker