toxicfumesbrahmapuram-08

ബ്രഹ്മപുരത്തെ വിഷപ്പുകയ്ക്ക് ഒരാഴ്ചയായിട്ടും ശമനമില്ലാതെ ജനം ഗതികെട്ടിട്ടും പരിഹാരം കാണാനാകാതെ നഗരസഭയും ജില്ലാ ഭരണകൂടവും. തീയും പുകയും പൂര്‍ണമായി ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുമ്പോൾ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് കൊച്ചി മേയർ. തീപിടിത്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

ദുരന്തം മറച്ചുപിടിക്കാൻ ഒരു ന്യായവും മതിയാകില്ല. ഒരാഴ്ച പിന്നിടുമ്പോൾ ശ്വാസംമുട്ടും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിൽസ തേടുന്നവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അവധി പിൻവലിച്ചതോടെ പുകയും ശ്വസിച്ച് കുട്ടികൾ സ്കൂളിലേക്ക് മടങ്ങി എത്തി. ഇതിനിടയിലാണ് തീ നിയന്ത്രണം വിധേയമെന്നും എല്ലാം ശാന്തമാണെന്നും മേയർ ആവർത്തിക്കുന്നത്.

എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനം മേയറുടെ വാദത്തെ തള്ളുന്നതാണ്. കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നാല് മീറ്റര്‍ വരെ താഴ്ചയില്‍ നീക്കി പുക ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. ഇതിനായി കഴിയാവുന്നത്ര മണ്ണ് നീക്കി യന്ത്രങ്ങള്‍ പിടിച്ചെടുത്ത് ബ്രഹ്‌മപുരത്തെത്തിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി ഇരുപത്തിയെട്ടും കോട്ടയത്തുനിന്ന് രണ്ടും തൃശൂരില്‍നിന്ന് ഒന്നും മണ്ണ് നീക്കി യന്ത്രങ്ങള്‍ ബ്രഹ്‌മപുരത്തെത്തിച്ചിട്ടുണ്ട്. കാറ്റിന്റെ ദിശ അനുകൂലമല്ലാത്ത സമയങ്ങളില്‍  നേവിയുടെ ഹെലികോപ്ടറും മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. 

 

Toxic fumes still rise in brahmapuram