അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞു. പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരിക്കുകയാണ്. തീരുമാനമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്
അതേസമയം, അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടുകൂടെ എന്ന് ഹൈക്കോടതി. അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന് പരിശോധിക്കാൻ ഹൈക്കോടതി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വിഷയത്തിൽ ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കുക എന്നതിനപ്പുറം വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന നിരീക്ഷണമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ 5 അംഗ വിദഗ്ധ സമിതിക്ക് കോടതി രൂപം നൽകി. വനം വകുപ്പ് ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി എന്നിവരാണ് സമിതിയിലുള്ളത്. സമിതി രണ്ട് ദിവസത്തിനകം യോഗം ചേരും. സമിതിക്ക് മുന്നിൽ രേഖകൾ സമർപ്പിക്കാൻ വനം വകുപ്പിന് കോടതി നിർദ്ദേശം നൽകി.
Arikomban mission harthal in idukki