Muhammed-Muhsin
  • വിവാദങ്ങൾക്കിടെ സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ യേ‍ാഗത്തിൽ നിന്ന് വിട്ടുനിന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിൻ
  • പാര്‍ട്ടി നിര്‍ദേശത്തോട് സഹകരിക്കാത്ത മുഹമ്മദ് മുഹ്സിന്റെ നിലപാടിനെതിരെ ജില്ലാ നേതൃത്വം.
  • പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തത് അപക്വവും ധിക്കാരവുമെന്ന് വിമര്‍ശനം
  • അച്ചടക്കനടപടിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാതെ മുഹമ്മദ് മുഹ്സിന്‍

 

തരംതാഴ്ത്തല്‍ നടപടിയില്‍ രണ്ടാമതും പാര്‍ട്ടി ആവശ്യപ്പെട്ട വിശദീകരണം നല്‍കാത്ത പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ നിലപാടിനെതിരെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തത് പക്വത കുറവും ധിക്കാരവും കൊണ്ടാണെന്ന് ജില്ലാ കൗണ്‍സില്‍ വിമര്‍ശനമുയര്‍ന്നു. വിവാദങ്ങൾക്കിടയില്‍ സിപിഐ ജില്ലാ കൗൺസിൽ യേ‍ാഗത്തിൽ നിന്ന് മുഹമ്മദ് മുഹ്സിൻ വിട്ടുനിന്നു. 

 

ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെ 8 ജില്ലാ നേതാക്കൾക്കും കീഴ്ഘടകങ്ങളിലെ 8 പേർക്കുമെതിരെയാണു നടപടിയുണ്ടായത്. മുഹ്സിനെ കൗൺസിലിലേക്കു തരംതാഴ്ത്തി. തുടർന്ന് മുഹ്സിൻ കൗൺസിൽ അംഗത്വം രാജിവച്ചെന്ന വാർത്ത വന്നെങ്കിലും രാജിക്കത്ത് ഇനിയും കിട്ടിയിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കി. ഇല്ലാത്ത രാജിക്കത്തിനെക്കുറിച്ച് വിശദീകരിക്കാനും നിഷേധക്കുറിപ്പ് ഇറക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മുഹ്സിന്‍ തയാറായില്ല. പാര്‍ട്ടി അവസരം നല്‍കിയിട്ടും അംഗീകരിക്കാത്തത് പക്വത കുറവ് കൊണ്ടെന്ന് ഒരുവിഭാഗം നേതാക്കള്‍. 

 

തരംതാഴ്ത്തല്‍, താക്കീത് നടപടി നേരിട്ടവർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി നൽകിയ 11 പേരുമായി ചര്‍ച്ചയ്ക്ക് നേതൃത്വം തയ്യാറായിരുന്നെങ്കിലും ആരും ഹാജരായില്ല. ഇതോടെ ഇവരുടെ രാജി അംഗീകരിച്ചു. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തിടുക്കപ്പെട്ട് കൂടുതല്‍ നടപടി വേണ്ടെന്നാണ് തീരുമാനം. ഔദ്യേ‍ാഗികപക്ഷവും കെ.ഇ.ഇസ്മായിൽ വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാഗമായാണു സമ്മേളനത്തിൽ കടുത്ത വിഭാഗീയതയുണ്ടായതെന്നായിരുന്നു കണ്ടെത്തല്‍. 

 

CPI palakkad district council against Muhammed Muhsin MLA