ലോക്സഭയിലെ പ്രതിപക്ഷനിരയില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരാണെങ്കിലും പ്രതിപക്ഷമെന്ന നിലയില്‍ കേരളത്തില്‍ യുഡിഎഫിന്റെ പ്രകടനം ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? പകുതിയിലേറെപ്പേരും യുഡിഎഫിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്ത 17.94 ശതമാനം പേര്‍ പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെട്ടു. നല്ലതെന്ന് 33.36 ശതമാനം പേര്‍ വിലയിരുത്തി. പ്രതിപക്ഷം തീരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 2.94 ശതമാനം പേര്‍ മാത്രം. 18.72 ശതമാനം പേര്‍ മോശം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റേത് ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടത് 27.04 ശതമാനം പേരാണ്.
യുഡിഎഫ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് അഭിപ്രായമുള്ളവര്‍ കൂടുതല്‍ വയനാട്ടിലാണ്. 42.67 ശതമാനം. മികച്ചതെന്ന് 37.47 ശതമാനം പേരും അഭിപ്രായപ്പെട്ടു. തീരെ മോശമെന്ന് പറഞ്ഞത് 1.73 ശതമാനം മാത്രം. കോഴിക്കോട് (വളരെ നല്ലത്–38.78/നല്ലത്–22.58), ആലത്തൂര്‍ (35.94/26.01), ചാലക്കുടി (35.61/22.34), മലപ്പുറം (28.85/45.85), വടകര (27.34/34.14), കൊല്ലം, ആറ്റിങ്ങല്‍, പൊന്നാനി മണ്ഡലങ്ങളിലും 50 ശതമാനത്തിലധികം പേര്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.
പ്രതിപക്ഷത്തിന്റ പ്രകടനം തീരെ മോശമാണ് എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം കുറവാണ്. ഇടുക്കി (5.39), എറണാകുളം (4.69), ചാലക്കുടി (4.6) എന്നിവിടങ്ങളിലാണ് കടുത്ത അതൃപ്തിയുള്ളവര്‍ താരതമ്യേന കൂടുതല്‍. പ്രതിപക്ഷം പോര എന്ന് അഭിപ്രായമുള്ളവര്‍ കൂടുതല്‍ പാലക്കാട് മണ്ഡലത്തിലാണ്. 40.74 ശതമാനം. മാവേലിക്കര (32.9), തൃശൂര്‍, ഇടുക്കി, ആലപ്പുഴ, മണ്ഡലങ്ങളിലും 25 ശതമാനത്തിലധികം പേര്‍ക്ക് ഇതേ അഭിപ്രായമുണ്ട്. പൊന്നാനിയില്‍ 0.68 ശതമാനത്തിനും തിരുവനന്തപുരത്ത് 0.86 ശതമാനം പേര്‍ക്കും മാത്രമേ പ്രതിപക്ഷം തീരെ പോര എന്ന അഭിപ്രായമുള്ളു.
UDF gets fairly good rating as opposition in Kerala, says Manorama News-VMR Mood of the State Survey.