hassan-mubarak

TAGS

ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെപ്പോലെ തല്ലുമെന്ന് എസ്എഫ്ഐ. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാരക്കാണ് ഭീഷണി മുഴക്കിയത്. എസ്ഐയ്ക്കെതിരെ പരസ്യ അസഭ്യവര്‍ഷവുമായി മറ്റ് എസ്എഫ്ഐ നേതാക്കളും രംഗത്തെത്തി. തുടര്‍ന്ന് എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെതിരെ ചാലക്കുടിയിൽ പ്രകടനം നടത്തി. ചാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് ജീപ്പ് തകര്‍ത്തതിന് പിന്നാലെ പൊലീസ് ലാത്തിവീശിയിരുന്നു 

 

പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ ഒളിവിലാണ്. ഹെൽമറ്റില്ലാത്തതിന് പിഴയടച്ചതാണ് ജീപ്പ് തകർത്തതിന് കാരണം. ഡിവൈഎഫ്ഐ നേതാവിനെ ന്യായീകരിച്ചാണ് സി.പി.എമ്മിന്റെ പ്രസ്താവന . കുഴപ്പം കാട്ടിയ എസ്.ഐയ്ക്ക് എതിരെ നടപടി വേണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.

 

പ്രശ്നങ്ങൾ ഉണ്ടാക്കിയത് ചാലക്കുടി എസ് ഐ : അഫ്സലാണെന്ന് സിപിഎം പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാലക്കുടി ഐ.ടി.ഐ പരിസരത്തായിരുന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടിയത്. പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്ന് പൊലീസിനെ വെല്ലുവിളിച്ചത് ഡിവൈഎഫ്ഐ നേതാവ് നിതിൻ പുല്ലനായിരുന്നു. ജീപ്പിന്റെ ചില്ല് തകർത്ത ഡിവൈഎഫ്ഐക്കാർ അരിശം പ്രകടിപ്പിച്ചത്. ഐടിഐ പരിസരത്ത് ഹെൽമറ്റില്ലാതെ പോയതിന് എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അക്രമം . 

 

സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി നേരിട്ടെത്തിയാണ് ഡിവൈഎഫ്ഐ നേതാവിനെ പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചത്. ഇതിനുശേഷം ഈ നേതാവിനെ പൊലീസിന് പിടികൂടാൻ ആയിട്ടില്ല . ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും എട്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം, ഔദ്യോഗികൃത്യ നിർവഹണം തടസ്സപ്പെടുത്തി തുടങ്ങി ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പ് സമയത്ത് എസ്എഫ്ഐയുടെ കൊടിതോരണങ്ങൾ പൊലീസ് നീക്കിയിരുന്നു. ഇതും പോലീസുമായുള്ള വൈരാഗ്യത്തിന് കാരണമായി. ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകർ  പൊലീസിന് നേരെ തിരിഞ്ഞതോടെ രണ്ടുതവണ ലാത്തി വീശിയിരുന്നു. ഒളിവിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവിനെ പിടികൂടാൻ പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.

 

SFI leader threaten Chalakkudi SI