കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വകുപ്പിന്‍റെ അവസ്ഥ പഠിക്കാന്‍ സമയം തരണമെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പൈസയും ചോരില്ല. ഒരു ക്രമക്കേടും അനുവദിക്കില്ല. സ്വിഫ്റ്റുമായി മുന്നോട്ട് പോകുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താന്‍ പദ്ധതികളുണ്ടെന്നും തൊഴിലാളികളെ വിശ്വാസത്തിലെടുക്കുമെന്നും അവര്‍ സഹകരിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏത് വകുപ്പ് കിട്ടിയാലും സന്തോഷമെന്നായിരുന്നു നിയുക്തമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രതികരണം. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാകും ലഭിക്കുകയെന്നാണ് സൂചന.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാവിലെ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പുനഃസംഘടന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഡിസംബര്‍ 29ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.
Will maintain financial dicipline in KSRTC,says KB Ganesh Kumar