jesna-father-0401

ജെസ്ന തിരോധാനക്കേസിൽ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കൃത്യമെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് മനോരമ ന്യൂസിനോട്. ജെസ്ന മതപരിവർത്തനത്തിന് പോകുന്ന ആളല്ല. അന്വേഷണം തുടരുമെന്ന് തന്നെയാണ് വിശ്വാസം. പത്തൊമ്പതാം തീയതി സിജെഎം കോടതിയിൽ നിന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയുമായി മുന്നോട്ടു പോകുമെന്നും ജെയിംസ് വ്യക്തമാക്കി. 

 

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി.സൈമണും പ്രതികരിച്ചു. മതപരിവര്‍ത്തനം ഇല്ലെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയതെന്ന് കെ.ജി.സൈമണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിദേശത്തുപോലും അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

ജെസ്ന മരിയ ജോസ് മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് തന്നെയായിരുന്നു സിബിഐയുടേയും കണ്ടെത്തല്‍. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നും മതപരിവര്‍ത്തന കേന്ദ്രങ്ങളും അജ്ഞതാത മൃതദേഹങ്ങളും ആത്മഹത്യ നടക്കാറുള്ള കേന്ദ്രങ്ങളും അന്വേഷിച്ചതായും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജെസ്നയുടെ പിതാവും സുഹൃത്തും പറഞ്ഞത് സത്യമായിരുന്നുവെന്നും ഇരുവരെയും ശാസ്ത്രീയ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോള്‍ യെലോ നോട്ടിസ് ഇറക്കിയിരുന്നുവെന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചെതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചു എന്നതിന് ഒരു തെളിവുമില്ല. കാണാതായെന്ന പരാതി ഗൗരവമായെടുക്കാതെ പിതാവിനെയും സുഹൃത്തിനെയുമെല്ലാം സംശയനിഴലിലാക്കി ലോക്കല്‍ പൊലീസ് ആദ്യം വരുത്തിയ വീഴ്ചയാണ് കേസിന് വലിയ തിരിച്ചടിയായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജെസ്നയേക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സി.ബി.ഐ സത്യം കണ്ടെത്തുമെന്നതിന് അപ്പുറം അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയായ ടോമിന്‍ തച്ചങ്കരി ഇപ്പോള്‍ ഒന്നും വ്യക്തമാക്കുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുന്ന തിരുവനന്തപുരം സി.ജെ.എം കോടതി ജെസ്നയുടെ പിതാവിന്റെ അഭിപ്രായം തേടി നോട്ടീസ് അയക്കും. അതിന് ശേഷമായിരിക്കും കേസ് അവസാനിപ്പിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക.

 

The report submitted by the CBI to the court in Jesna's disappearance case is correct says Jesna's father, James.