mar-raphael-thattil-1
  • മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്
  • സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്
  • തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്

മാർ റാഫേൽ തട്ടിൽ ഇനി സിറോ മലബാർ സഭയുടെ വലിയ ഇടയൻ. സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ റാഫേൽ തട്ടിലിനെ സിനഡ് തിരഞ്ഞെടുത്തത്. സഭയിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും എല്ലാവരെയും ഒരുമിച്ചു നിർത്തുമെന്നും മാർ റാഫേൽ തട്ടിൽ പ്രതികരിച്ചു. മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് 2.30ന്  കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.

 

ഡിസംബർ 7ന്  ഫ്രാൻസിസ് മാർപാപ്പ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജി സ്വീകരിച്ചതോടെയാണ് പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തിങ്കളാഴ്ച ആരംഭിച്ച മുപ്പത്തിരണ്ടാമത് മെത്രാൻസിനഡിന്റെ ഒന്നാം സമ്മേളനമാണ് രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കം നിയുക്ത മേജർ ആർച്ച് ബിഷപ്പിന് ആശംസ നേർന്നു.  സഭ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലത്തെ നിയോഗം ഉൾക്കൊണ്ട് മാർ റാഫേൽ തട്ടിൽ കൃതജ്ഞതയർപിച്ചു. 

 

തൃശ്ശൂർ അതിരൂപതയിലെ  തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 2010ൽ തൃശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ -സ്ഥാനികമെത്രാനുമായി ഫാ. റാഫേൽ തട്ടിൽ നിയമിക്കപ്പെട്ടു. 2017 ഒക്ടോബർ 10ന് ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ റാഫേൽ തട്ടിൽ തൽസ്ഥാനത്ത് സേവനംചെയ്തു വരവേയാണ് പുതിയ നിയോഗം.

Syro malabar church New major archbishop Mar Raphael Thattil