ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് കരട് വ്യവസായ നയം. ചെറുകിട വ്യവസായങ്ങൾക്ക് കെ.എഫ്.സി വായ്പ, സ്വകാര്യവ്യവസായ പാർക്കുകൾ എന്നിവയും അനുവദിക്കുമെന്ന്, കരട് നയം പുറത്തിറക്കിക്കൊണ്ട് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
ചവറ, തോട്ടപ്പള്ളി മേഖലയിലെ ധാതുമണൽ ശേഖരം പ്രയോജനപ്പെടുത്തും വിധമാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഖനനം പൂർണ്ണമായും പൊതുമേഖലയിൽ മാത്രമാക്കും. ഇതിനായി പരിസ്ഥിതി സൗഹൃദമായ മാസ്റ്റർ പ്്ളാൻ തയ്യാറാക്കും. ടൈറ്റാനിയം ലോഹ നിർമ്മാണത്തിന് വലിയ പ്്ളാന്റ് സ്ഥാപിക്കുമെന്നും കരട് വ്യവസായ നയം പറയുന്നു.
സ്വകാര്യമേഖലയിൽ വ്യാവസായിക പാർക്കുകൾ നിലവിൽവരും. വ്യവസായത്തിന് ഉതകും വിധമുള്ള 50 ഏക്കർ ഭൂമിയുള്ള സ്വകാര്യസംരഭകർക്ക് ഇനിമുതൽ വ്യവസായ പാർക്കുകള്‍ ആരംഭിക്കാം. വിഴിഞ്ഞം കരാറിനെകുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം വ്യവസായികൾക്ക് തെറ്റായ സന്ദേശം നൽകില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. വ്യവസായങ്ങൾക്ക് 30 ദിവസത്തിനകം അനുമതി ലഭ്യമാക്കാൻ ഏകജാലക സംവിധാനം കൊണ്ടുവരും. ചെറുകിട, നാനോ വ്യവസായങ്ങൾക്ക് ചെറിയ പലിശക്ക് കെ.എഫ്.സി വായ്പ നൽകും. മലബാർസിമന്റ്സിന്റെ ഉത്പാദനം ഇരട്ടിയാക്കാനും കരട് നയം വിഭാവചെയ്യുന്നു