കാസര്‍കോട് കടലാടിപാറയിലെ ഖനനപദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനി വീണ്ടും കോടതിയിലേക്ക്. പദ്ധതിക്കാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയംതരില്ലെന്ന സർക്കാർ നിലപാടിനെതിരെയാണ് കമ്പനി കോടതിയെ സമീപിക്കുക. സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കമ്പനി അധികൃതർ മനോരമന്യൂസിനോട് പറഞ്ഞു.
കാസർകോട് കിനാലൂർ വില്ലേജിലെ 200ഏക്കർ പുറമ്പോക്ക് ഭൂമി 2007ൽ അന്നത്തെ ഇടതുസർക്കാരാണ് ബോക്സൈറ്റ് ഖനനത്തിനായി വിട്ടുകൊടുത്തത്. എന്നാൽ, കടലാടിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനങ്ങൾ ചെറുത്തുനിന്നതോടെ കഴിഞ്ഞ പത്തുവർഷമായിട്ടും മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനിക്ക് പദ്ധതിപ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരം പൊതുതെളിവെടുപ്പ് നടത്താൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും പ്രതിഷേധംമൂലം അതുംനടന്നില്ല. ഇതിനുശേഷമാണ് പദ്ധതിനടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയംഅനുവദിക്കാനാകില്ലെന്ന് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഈ നിലപാടിനെ ചോദ്യംചെയ്ത് വീണ്ടും കോടതിയെ സമീപിക്കാനാണ് ആശാപുരയുടെ തീരുമാനം. നിയമപരമായി നിലനിൽക്കാത്ത ഈ ഉത്തരവിന് പിന്നിൽ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖൻറെ ഇടപെടൽ മാത്രമാണ്. സിപിഎം പ്രാദേശികഘടകത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്, സംസ്ഥാനനേതൃത്വത്തിന്റെ പിന്തുണയുണ്ടോയെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു.