ആഡംബരക്കാറിനെക്കാൾ കൂടിയ വിലയ്ക്ക് ഒരു പശുക്കുട്ടി വിറ്റുപോയ വാർത്തയാണ് യൂറോപ്പിൽ നിന്നും വരുന്നത്. വിലോഡ്ജ് പോഷ്സ്പൈസ് എന്നു പേരുള്ള ഒരു വയസ്സുകാരി പശുക്കിടാവ്. 2, 62, 000 പൗണ്ടാണ് (2,59,86,441 ഇന്ത്യൻ രൂപ ) ലേലത്തിൽ ലഭിച്ചത്. ലിമോസിൻ ഇനത്തിൽപ്പെട്ട പശുക്കളുടെ വിലയിൽ ഇതോടെ ലോക റെക്കോർഡും പോഷ്സ്പൈസ് നേടി. 2014 ലേലത്തിൽ വിറ്റ ഗ്ലൻറോക്ക് ഇല്യൂഷൻ എന്ന പശുക്കിടാവായിരുന്നു നേരത്തെ റെക്കോർഡിന് ഉടമ.1,31,250 പൗണ്ടിനായിരുന്നു ഗ്ലൻറോക്ക് ലേലത്തിൽ പോയത്.
എല്ലാ ഇനത്തിൽപ്പെട്ട പശുക്കളുടെയും വിലയുടെ ആകെ കണക്കെടുത്താലും യൂറോപ്പിൽ തന്നെ ഏറ്റവുമധികം വില നേടിയിരിക്കുന്ന പശുക്കിടാവ് പോഷ്സ്പൈസാണ് . ഷ്രോപ്ഷെയർ സ്വദേശികളായ ക്രിസ്റ്റീൻ വില്യംസ്, പോൾ ടിപ്പറ്റ്സ് എന്നിവരാണ് പശുക്കിടാവിനെ ലേലത്തിൽ വച്ചത്. ലക്ഷണമൊത്ത പശുക്കിടാവായതിനാൽ പെട്ടെന്ന് തന്നെ പോഷ്സ്പൈസ് വാങ്ങാനെത്തിയവരുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു.
ഇത്രയധികം തുക ലേലത്തിൽ ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ക്രിസ്റ്റീൻ പറയുന്നു. കമ്പ്രിയ, ഗ്രേറ്റ് മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് ബ്രീഡർമാർ ചേർന്നാണ് പോഷ്സ്പൈസിനെ ലേലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.