യഥാർഥ സംഭവങ്ങളോട് ചേർന്ന് നിന്ന് സിനിമ എടുക്കുമ്പോൾ കൂടുതൽ യഥാതഥമാവുകയാണ് സിനിമ. നമ്മൾ കണ്ട പല പൊലീസുകാരുടെ ഛായയും അവരുടെ ജീവിതത്തിന്റെ ഓർമപ്പെടുത്തലുകളും ഉണ്ടായെന്ന് വന്നേക്കാം...ക്രിസ്റ്റഫറിനെ കുറിച്ച് പറയവെ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ. ഇതോടെ ആരാണ് ആ പൊലീസുകാരൻ എന്നായി ചോദ്യം. വി.സി.സജ്ജനാർ ഐപിഎസ് എന്ന പേരാണ് ഉയർന്ന് കേൾക്കുന്നത്...
തെലങ്കാനയിലെ സജ്ജനാർ ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവതമാണ് ക്രിസ്റ്റഫർ സിനിമയ്ക്ക് പ്രചോദനം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സംവിധായകൻ ബി ഉണ്ണികൃഷ്ണനും സജ്ജനാറും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ വന്നതോടെയാണ് പ്രേക്ഷകരുടെ സംശയം ബലപ്പെട്ടത്. മനഷ്യ മനസാക്ഷിയെ തകർക്കുന്ന ക്രൂരത ചെയ്ത പ്രതികളെ നീതിക്കായി കോടികൾക്ക് മുൻപിലേക്ക് വിടാൻ തയ്യാറല്ലാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ക്രിസ്റ്റഫർ.
2019ൽ ഹൈദരാബാദിൽ ബലാത്സംഗത്തിന് ഇരയായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവ ഡോക്ടറുടെ കേസിലെ പ്രതികൾ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നതോടെയാണ് സജ്ജനാർ വാർത്തകളിൽ നിറയുന്നത്. എന്നാൽ അവിടെയല്ല സജ്ജനാർ തുടങ്ങിയത്. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറങ്കലിൽ എഞ്ചിനിയറിങ് വിദ്യാർഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച കേസിൽ പ്രതികളെന്ന് കരുതുന്നവരേയും സജ്ജനാർ വെടിവെച്ച് കൊന്നിരുന്നു.
സൗപർണിക എന്ന പെൺകുട്ടിയോട് സഞ്ജയ് എന്ന യുവാവ് നടത്തിയ പ്രണയാഭ്യർഥന നിരസിച്ചതോടെയാണ് പെൺകുട്ടി ആസിഡ് ആക്രമണത്തിന് ഇരയായത്. പ്രതികളുടെ ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോൾ പൊലീസിന് എതിരെ ഇവർ ആക്രമണം നടത്തിയെന്നും ഇതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് സജ്ജനാർ വിശദീകരണം നൽകിയത്. ഇതോടെ സജ്ജനാർ വിദ്യാർഥികളുടെ ഹീറോയായി.
ക്രിസ്റ്റഫറിലും സമാനമാണ് പ്രമേയം എന്നതിനാലാണ് സജ്ജനാറാണ് യഥാർഥത്തിൽ ആ പൊലീസ് കഥാപാത്രം എന്നാണ് പ്രേക്ഷകർ ഉറപ്പിക്കുന്നത്. എന്നാൽ ക്രിസ്റ്റഫറിലെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ക്രൂരമായി ലൈംഗിക പീനഡങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാവുന്നരുടെ രക്ഷകനായാണ് ക്രിസ്റ്റഫർ എത്തുന്നത്.
Cristopher movie based on V. C. Sajjanar?