കെട്ടിലും മട്ടിലും പുതുമകളുമായെത്തിയ ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ തിയറ്റുകളില്‍ വന്‍ ആവേശം തന്നെയാണ് തീര്‍ത്തത്. വ്യത്യസ്തമായ ലുക്കിലെത്തിയ ഫഹദിന്റെ മേക്കോവര്‍ തന്നെയാണ് ചിത്രത്തെ വേറിട്ടു നിര്‍ത്തിയത്. വെള്ള ഷർട്ടും പാന്റ്‌സും കൂളിങ് ഗ്ലാസും കഴുത്തിൽ തൂങ്ങിയാടുന്ന ചെയിനുകളും കൈയിൽ റാഡോ വാച്ചും വളകളും രങ്കണ്ണനെ പ്രേക്ഷക മനസില്‍ ഉറപ്പിച്ചു നിര്‍ത്തി. എന്നാല്‍ ഈ രൂപമാറ്റം അത്ര എളുപ്പമായിരുന്നില്ല. അല്‍പം ചിലവേറിയതു തന്നെയായിരുന്നു. ഫഹദിന്റെ വസ്ത്രാലങ്കാരത്തിനു പിന്നിലെ കോടികളുടെ കണക്ക് വെളിപ്പെടുത്തിയത് ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈനര്‍ കൂടിയായ മഷര്‍ ഹംസയാണ്.
ഏകദേശം 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയതെന്നാണ് മഷർ പറയുന്നു. മുഴുവൻ ആഭരണങ്ങളും സ്വർണമാണ്. വെള്ള വസ്ത്രത്തിനൊപ്പിച്ച സ്റ്റൈൽ കൊണ്ടുവരാനായാണ് ഹെവി ജ്വല്ലറി ആക്‌സസറീസ് ധരിച്ചത്. കഥാപാത്രത്തിനു വേണ്ടി ഫഹദ് കാത് കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് താരം കാതിലിട്ടത്. ഇതോടൊപ്പം മരതകം പതിപ്പിച്ച ഒരു ചെയിനുമുണ്ടായിരുന്നു. രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിനോട് മാച്ച് ചെയ്യാനായാണ് മരതകം ഉപയോഗിച്ചത്. ഇതോടൊപ്പം റാഡോയുടെ വിന്റേജ് ക്ലാസിക് മോഡൽ ഗോൾഡൻ വാച്ചും കൈനിറയെ മോതിരങ്ങളുമുണ്ടായിരുന്നു. രങ്കണ്ണൻ ധരിച്ച പെൻഡന്റുകളും ഒപ്പം കൊണ്ടുനടന്നിരുന്ന മിനിയേച്ചർ കത്തികളുമെല്ലാം പ്രത്യേകം ഡിസൈൻ ചെയ്‌തെടുത്തു