ദുബായ് : വിവിധ മേഖലകൾ സ്മാർടായ ദുബായിൽ മാലിന്യ ശേഖരണവും ഇനി ആ വഴിയേ. ദുബായ് മുനിസിപാലിറ്റി വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആദ്യത്തെ സ്മാർട് മാലിന്യ ശേഖരണ പദ്ധതി മംസാർ ഏരിയയിൽ നടപ്പിലായി.
പുതിയ സംവിധാനത്തിൽ സാധാരണ പോലെ ജീവനക്കാരുടെ ആവശ്യമില്ലെന്നതാണ് സവിശേഷത. ഡ്രൈവർ മാത്രമേ വാഹനം കൈകാര്യം ചെയ്യുകയുള്ളൂ. എങ്കിലം ഒരു സംഘം ഇതിനായി വാഹനത്തിൽ പ്രവർത്തിക്കും. പ്രത്യേക വാഹനത്തിലൊരുക്കിയ സംവിധാനത്തിലൂടെ മാലിന്യം ശേഖരിക്കുകയും പരിസര മലിനീകരണമില്ലാതെ കൊണ്ടുപോവുകയും ചെയ്യും. പൊതുവായ മാലിന്യം, പുനരുപയോഗത്തിനുള്ള മാലിന്യം എന്നിങ്ങനെ മാലിന്യ വേർതിരിവിന് രണ്ട് കണ്ടെയിനറുകള്‍ ഇൗ വാഹനത്തിലുണ്ടായിരിക്കും. കൂടാതെ, ഒട്ടേറെ മറ്റു അത്യാധുനിക സംവിധനവും ഘടിപ്പിച്ചിട്ടുണ്ട്.
മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള നൂതന സംവിധാനമാണ് നടപ്പിൽവരുത്തിയതെന്ന് വേസ്റ്റ് മാനേജ്മെൻ്റ് വിഭാഗം ഡയറക്ടർ അബ് ദുൽ മജീദ് സെയ്ഫി പറഞ്ഞു. ഇൗ സംവിധാനം വൈകാതെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. മംസാർ ഏരിയയിലെ 133 താമസ കേന്ദ്രങ്ങൾ ഉദ്യോഗസ്ഥസംഘം സന്ദർശിച്ച് പദ്ധതി സംബന്ധമായ ബോധവത്കരണം നടത്തുകയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു. കൂടുതൽ സ്ഥലങ്ങളിൽ ഉടൻ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് മുനിസിപാലിറ്റിയുടെ വേസ്റ്റ് മാനേജ്മെൻ്റ് വിഭാഗത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.