അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യുഎഇ മാനദണ്ഡങ്ങൾ കർശനമാക്കി. നിർദിഷ്ട യോഗ്യതയുള്ളവർക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം നൽകുകയുള്ളൂ.
വിദ്യാഭ്യാസരംഗത്ത് ലോകോത്തര നിലവാരം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർക്ക് പ്രഫഷനൽ ടീച്ചർ ലൈസൻസ് നിർബന്ധമാക്കുന്നത്. 2020 അവസാനത്തോടെ, പൊതു, സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് എല്ലാവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പുതിയ നിബന്ധനകൾ ബിഎഡ് യോഗ്യതയുള്ളവർക്ക് ഗൾഫിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. പഠിപ്പിക്കുന്ന വിഷയത്തിൽ നിർദിഷ്ട യോഗ്യതയില്ലെങ്കിലും സ്വകാര്യ സ്കൂളുകളിൽ അധ്യാപകരായി ജോലി ലഭിക്കുമായിരുന്നെന്ന സ്ഥിതിയാണ് ഇല്ലാതാവുന്നത്. എംബിഎ, എൻജിനീയറിങ് തുടങ്ങിയ ബിരുദങ്ങളുണ്ടെങ്കിലും സ്കൂളുകളിൽ അധ്യാപകരാകണമെങ്കിൽ ബിഎഡ് ഉൾപ്പെടെയുള്ള യോഗ്യതകൾ വേണ്ടി വരും. കിൻഡർ ഗാർട്ടനിൽ പഠിപ്പിക്കാൻ മോണ്ടസോറി, ഇവൈഎഫ്എസ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ ഇൻ എജ്യുക്കേഷൻ, നഴ്സറി ട്രെയിനിങ് തുടങ്ങിയ യോഗ്യതകളാണ് ആവശ്യപ്പെടുന്നത്. . പ്രഫഷനൽ ടീച്ചേഴ്സ് ലൈസൻസ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകും. ഇത് സംബന്ധിച്ച് സ്കൂളുകളും അധികൃതരും തമ്മിൽ ഏകോപനം നടക്കുന്നുണ്ട്. അയ്യായിരത്തിലേറെ അധ്യാപകർ ആദ്യഘട്ടത്തിൽ റജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ. അറബിക്, ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ പബ്ലിക് സ്കൂളുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.