കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. യുഎഇയിലെ എട്ടു കേന്ദ്രങ്ങളില്‍ മൂന്നു സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. 96.62 ആണ് ഗൾഫിലെ വിജയശതമാനം.
യുഎഇയിലെ എട്ടു സ്കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 593 വിദ്യാര്‍ഥികളില്‍ 573 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഇതില്‍ 32 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷ എഴുതിയ 130 കുട്ടികളെയും വിജയിപ്പിച്ച അബുദാബി മോഡല്‍ സ്കൂളിനാണ് മിന്നുന്ന വിജയം. ഇവിടത്തെ 18 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളും ഫുജൈറ ഇന്ത്യന്‍ സ്കൂളുമാണ് നൂറു ശതമാനം വിജയം നേടിയ മറ്റു സ്കൂളുകള്‍.
28 പേരെ പരീക്ഷയ്ക്കിരുത്തി 27 പേരെയും വിജയിപ്പിച്ച അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളുകളിനും 96ല്‍ 95 പേരും വിജയിച്ച ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിനും തലനാരിഴയ്ക്ക് സന്പൂർണ വിജയം നഷ്ടമായി. വിവിധ രാജ്യക്കാരായ 80 വിദ്യാര്‍ഥികളില്‍ 78 പേരെയും വിജയിപ്പിക്കാന്‍ റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്കൂളിന് കഴിഞ്ഞു. ദ് ഇംഗ്ലീഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈനിലെ 59 വിദ്യാര്‍ഥികളില്‍ 54 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളിലെ 97 വിദ്യാര്‍ഥികളില്‍ 86 പേരാണ് വിജയിച്ചത്.