kuwait-iqama-t

കുവൈത്തിൽ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ നൽകുന്നത് അവസാനിപ്പിക്കാൻ ആലോചന. വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

 

കുവൈത്തിലെ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് 65 വയസ് പിന്നിട്ട വിദേശികൾക്ക് ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്ന നിർദേശം ഉയർന്നു വന്നത്. ചേംബർ ഓഫ് കൊമേഴ്സ്, മാൻ‌പവർ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം വന്നത്. ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതി ഈ വിഷയത്തിൽ പഠനം നടത്തി തീരുമാനമെടുക്കും. 65 വയസു പിന്നിട്ടവർക്ക് ഇഖാമ നൽകുന്നത് അവസാനിപ്പിക്കാമെന്ന നിർദേശത്തോട് ഒരു വിഭാഗം എംപിമാരും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ യുവാക്കൾക്ക് തൊഴിലവസരം ലഭിക്കാൻ ഇത് സഹായിക്കുമെന്നും നീക്കത്തെ അനുകൂലിക്കുന്ന എംപിമാർ പറഞ്ഞു. അതേസമയം പുതിയ നിർദേശം നല്ലതാണെങ്കിലും പ്രായം അടിസ്ഥാനമാക്കി എല്ലാ തൊഴിൽ മേഖലകളിലുമുള്ള വിദേശികള ഒഴിവാക്കുന്നത് ഗുണകരമാകില്ലെന്ന നിരീക്ഷണവും ഉണ്ട്. ചില മേഖലകളിൽ പരിചയസമ്പന്നരായ വിദേശികൾക്ക് പകരം നിയോഗിക്കാൻ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ല എന്ന വാദമാണ് ഉയരുന്നത്.