kuwait-society-eng-t

കുവൈത്ത് സൊസൈറ്റി ഓഫ് എൻ‌ജിനീയേഴ്സ് പ്രതിനിധി സംഘം 24ന് ഇന്ത്യ സന്ദർശിക്കും. വിദേശ എൻ‌ജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് ഏർപ്പെടുത്തിയ നിബന്ധനകൾ പ്രയാസകരമായ സാഹചര്യത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് നേരിട്ട് വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. 

 

ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻ‌ജിനീയേഴ്സിൻ‌റെ എൻ‌ഒസി വേണമെന്ന ഉപാധിയാണ് വിദേശ എൻ‌ജീയർമാർക്ക് പ്രയാസമായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള എൻ‌ജിനീയർമാർക്ക് എൻ‌ഒസി ലഭിക്കണമെങ്കിൽ അവർ ബിരുദം നേടിയത് നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ അംഗീകാരമുള്ള കോളജുകളിലും കോഴ്സുകളിലും പഠിച്ചവരായിരിക്കണമെന്നാണ് വ്യവസ്ഥ. പലരുടെയും സർടിഫിക്കറ്റ് ആ ഗണത്തിൽ‌പ്പെട്ടതല്ല എന്നതാണ് പ്രശ്നം. എ‌ൻ‌ജിനീയറിങ് ബിരുദത്തിൻ‌റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ് ഈ വിഷയത്തിൽ കുവൈത്ത് അധികൃതർ ഉന്നയിക്കുന്ന വാദം. ഈ സാഹചര്യത്തിൽ കുവൈത്ത് പ്രതിനിധികൾ ഈജിപ്‌ത്, ജോർദാൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ രീതികൾ വിലയിരുത്തിരുന്നു. സമാനരീതിയിൽ ഇന്ത്യയിലെ സാഹചര്യങ്ങളും നേരിട്ട് മനസിലാക്കാനുള്ള നീക്കത്തിലാണ് അധികൃതർ. സൊസൈറ്റിയുടെ വിദ്യാഭ്യാസ സമിതി അംഗങ്ങളായ മൂന്നുപേരും മാൻ‌പവർ അതോറിറ്റിയിലെ രണ്ടുപേരും കുവൈത്ത് സൊസൈറ്റി ഓഫ് എൻ‌ജിനീയേഴ്സ് ഭരണസമിതിയിലെ ഒരാളും സംഘത്തിലുണ്ട്. ഇന്ത്യയിൽ തീരുമാനങ്ങൾ എടുക്കുന്നവരുമായി നേരിട്ടുള്ള ചർച്ചയാണ് കുവൈത്ത് അധികൃതർ ആഗ്രഹിക്കുന്നത്. സന്ദർശനം ഡൽഹിയിൽ മാത്രമായിരിക്കുമെന്നാണ് സൂചന. അതേസമയം കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരിൽ പലരും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള കൽ‌പിത സർവകലാശാലകളിൽ നിന്നും മറ്റുമായി ബിരുദം നേടിയവരാണ്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളും അക്കൂട്ടത്തിൽ പെടും. അത്തരം സ്ഥാപനങ്ങളുടെയൊക്കെ പദവി തൃപ്തികരമാണെന്ന് ഡൽഹിയിലെ ചർച്ചകളിൽ ഉറപ്പ് വരുത്തേണ്ടിവരും.