നിയമത്തിന്റെ കാർക്കശ്യങ്ങൾക്കൊപ്പം മനുഷത്വപരമായ ഇടപെടലിലൂടെ എന്നും കയ്യടി നേടിയിട്ടുണ്ട് യു.എ.ഇയിലെ പൊലീസുകാർ. സുമയ്യ അഹ്മദ് അൽ നഖ്വി എന്ന കുഞ്ഞുപെൺകുട്ടിക്ക് ഈദ് സമ്മാനം നൽകി വീണ്ടും അത് തെളിയിച്ചിരിക്കുകയാണ് ഷാർജ പൊലീസ്. ചെറിയപെരുന്നാളിന് സമ്മാനം വേണമെന്ന് ആഗ്രഹിച്ച് സുമയ്യ, ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത് വെറുതെയായില്ല. സ്വപ്നസാഫല്യമെന്ന പോലെ വീട്ടിൽ സമ്മാനവുമായെത്തി ഷാർജ പൊലീസ് ഞെട്ടിച്ചു.
.
യു.എ.ഇയുടെ കിഴക്കൻ ഭാഗമായ ഖോഫർഖാനിലെ വീട്ടിലിരുന്നു പൊലീസിന്റെ കയ്യിൽ നിന്നും പെരുന്നാൾ സമ്മാനം വേണമെന്ന് ചിണുങ്ങിക്കൊണ്ടാവശ്യപ്പെടുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലായിരുന്നു. പള്ളികളിലെ സുരക്ഷ, ഗതാഗതം തുടങ്ങി ഈദുമായി ബന്ധപ്പെട്ട് ഒരായിരം
തിരക്കുകളുണ്ടായിരുന്നു പൊലീസിന്. എന്നാൽ ഈ തിരക്കുകൾക്കിടയിൽ കുരുന്നു പെൺകുട്ടിക്ക് മോഹഭംഗം ഉണ്ടാകരുതെന്നായിരുന്നു ഷാർജ പൊലീസിന്റെ ആഗ്രഹം.
അവര്‍ നേരെ സുമയ്യയുടെ വീട്ടിലെത്തി. ഈദ് സമ്മാനം കൈമാറി. വീട്ടിലേക്ക് വന്ന പൊലീസ് സംഘത്തെകണ്ട് സുമയ്യയുടെ പിതാവ് ആദ്യമൊന്നു ഞെട്ടിയെങ്കിലും, അടുത്തനിമിഷം ഞെട്ടൽ വിസ്മയത്തിന് വഴിമാറി. കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കിയതിന് ഒരായിരം നന്ദി പറഞ്ഞാണ് ആ പിതാവ് പൊലീസ് സംഘത്തെ യാത്രയാക്കിയത്.
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനോടുള്ള ബഹുമാനസൂചകമായി ഈ വർഷം സായിദ് കാരുണ്യവർഷമായാണ് ആചരിക്കുന്നത്. അതിന്റെ ഭാഗമായി സന്തോഷവും സന്തുഷ്ടിയും പ്രസരിപ്പിക്കുക എന്നതാണ് പൊലീസ് ആഗ്രഹിക്കുന്നതെന്ന് ഖോഫർഖാൻ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ വാലീദ് ഖാമിസ് അൽ യമാഹി പറഞ്ഞു. ഇത് ആദ്യമായല്ല ഗൾഫ് നാടുകളിലെ പൊലീസിന്റെ നല്ല മനസ് ജനങ്ങളെ വിസ്മയിപ്പിക്കുന്നത്. പന്ത്രണ്ടായിരത്തിലധികം പേർക്ക് ഇഫ്താർ വിരുന്നൊരുക്കി ഇത്തവണ ദുബായ് പൊലീസ് ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. അതിലുപരി പ്രവാസികൾ ഉൾപ്പെടുന്ന ലക്ഷക്കണക്കിനു പേരുടെ മനസിലും ഇടം നേടി ഈ പൊലീസ് പട.