"കുറച്ച് പണം അയയ്ക്കുകയാണ്, ബാങ്കിൽ നിന്ന് എസ്എംഎസ് കിട്ടിയാലുടൻ അറിയിക്കണം"-അനുരാധയോട് സൗദിയിലുള്ള ഭർത്താവ് ദിലീപ്കുമാർ ഫോണിൽ പറഞ്ഞ അവസാനവാചകം ഇങ്ങനെ. മണിക്കൂറുകൾ കഴിഞ്ഞിട്ടും എസ്എംഎസ് എത്തിയില്ല. 30 തവണയിലേറെ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അനുരാധയെ പിന്നീട് കാത്തിരുന്നതു ദുരൂഹസാഹചര്യത്തിൽ ദിലീപിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയായിരുന്നു.
ഭർത്താവ് സൗദിയിലെ ദമാമിൽ മരിച്ചെന്ന വിവരമറിഞ്ഞിട്ട് ഒരു മാസമാകുമ്പോഴും ദുരൂഹതകൾക്കു മുൻപിൽ വിറങ്ങലിച്ചിരിക്കുകയാണു വട്ടിയൂർക്കാവ് അറപ്പുര ചെറുകുടൽ ഇല്ലത്തെ അനുരാധയും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളും. 24 വർഷമായി സൗദി അറേബ്യയിലെ റിയാദിൽ വിവിധ നിർമാണ കമ്പനികളിലാണു ദിലീപ് (46) ജോലി ചെയ്തിരുന്നത്. ജൂലൈ ഏഴിനാണു നിർമാണ സ്ഥലത്തെ ഒരു കെട്ടിടത്തിൽ അസ്വാഭാവികമായി മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
രാവിലെ എട്ടരയ്ക്ക് അനുരാധയെ ഫോൺ വിളിച്ച ദിലീപിന്റെ മൃതദേഹം പത്തരയോടെയാണു കണ്ടെത്തിയതെന്നാണു സൗദിയിൽ നിന്നുള്ള വിവരം. അവസാന ഫോൺ കോളിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഒരു വർഷം മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ ദിലീപിന് ഒരു വിഭാഗത്തിന്റെ പൂർണചുമതല നൽകിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ബാങ്കിൽ പണം അടയ്ക്കാൻ പോകുന്നതിനിടെ രണ്ട് തവണ ആരൊക്കെയോ തന്നെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി അനുരാധയോട് ഫോണിൽ ദിലീപ് പറഞ്ഞിരുന്നു.
ഈ സംഭവങ്ങൾക്കു മരണവുമായി ബന്ധമുണ്ടോയെന്നാണു സംശയം. അന്വേഷണത്തിനായി സൗദി പൊലീസ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനുരാധ നിവേദനം നൽകി. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി സൗദിയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ നടത്തണമെന്ന് എംബസി വിവിധ സൗദി സർക്കാർ ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ദിലീപിന്റെ രണ്ട് പെൺമക്കൾ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥിനികളാണ്.