uae-police

റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നു റാസൽഖൈമ പൊലീസ് ചുരുളഴിച്ചത് മുൻപ് നടന്ന കേസ്. അപകടം ഉണ്ടാക്കി നിർത്താതെ പോയ കേസിൽ ഉൾപ്പെട്ട കാറാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെയും അറസ്റ്റ് ചെയ്തു. എമിറേറ്റിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ കണ്ടെത്തി അവ നീക്കം ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു പൊലീസ്. ഈ സമയത്താണ് ലൈസൻസ് നീക്കം ചെയ്ത നിലയിലുള്ള കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ ഈ കാർ മുൻപ് നടന്ന ഒരു അപകടത്തിന് കാരണമായതാണ് എന്നു കണ്ടെത്തി. 

തന്ത്രപരമായ നീക്കത്തിലൂടെയാണ് പൊലീസ് കാറിന്റെ ഉടമസ്ഥനെ കണ്ടെത്തിയത്. ഉടമയെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ ഒന്നും ലഭ്യമാകാതെ വന്നതോടെ വണ്ടിയുടെ ചെയ്സിസ് നമ്പർ നോക്കി ഉടമസ്ഥനെ കണ്ടെത്തി, അറസ്റ്റ് ചെയ്തു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നുവെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു.

ഇതുവരെ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 503 വാഹനങ്ങൾ ലഭിച്ചു. റോഡുകൾ, സ്ക്വയർ, താമസസ്ഥലം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ കണ്ടെത്തിയത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അൽ നഖ്ബി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിറം മങ്ങിയ വാഹനങ്ങൾ, നിയമവിരുദ്ധമായി നിറം മാറ്റുക, സീറ്റുകൾ ഇല്ലാതിരിക്കുക, കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ തുടങ്ങിയവയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവ നീക്കം ചെയ്യാൻ ഉടമസ്ഥർക്ക് 10 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുക്കും. പിഴയടച്ചതിനുശേഷമേ പിന്നീട് വിട്ടു നൽകുകയുള്ളൂവെന്നും നഖ്ബി വ്യക്തമാക്കി.

നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കും. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനമായിരിക്കും ഇതെന്ന നിഗമനത്തിലാണ് തീരുമാനം. ഇതുകൂടാതെ വാഹനം ഉടൻ ജപ്തി ചെയ്യുന്നതിനുള്ള കാരണങ്ങൾ ഇവയാണ്: വിൽപ്പനയ്ക്ക് എന്ന ബോർഡ് വയ്ക്കാതെ നമ്പർ പ്ലേറ്റ് ഒഴിവാക്കുക, കേടുവന്ന കാറുകൾ, ടയറുകൾ ഇല്ലാത്ത വാഹനങ്ങൾ, കേടായ ജനൽ ഉള്ള വാഹനം, വാതിലുകളും റൂഫും ഇല്ലാത്ത വാഹനം, ബോണറ്റ് ഇല്ലാതെ ഉപേക്ഷിച്ച വാഹനം തുടങ്ങിയവ.