kuwait-rain-n

 

കുവൈത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ ചിലയിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലിന്റെ അകമ്പനിയോടെയാകും മഴ. ഏഴ് അടിയിലേറെ ഉയരത്തിൽ വേലിയേറ്റത്തിനും സാധ്യതയുണ്ട്. പെരുമഴയിൽ ദൂരക്കാഴ്ചാ പരിധി വളരെ കുറവായിരിക്കും.

 

കഴിഞ്ഞ ദിവസം ഏഴാം റിങ് റോഡിൽ വെള്ളപ്പൊക്കത്തെ തുടർന്നു ഗതാഗതം നിരോധിച്ചിരുന്നു. മറ്റു മേഖലകളിലും വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്നലെ കുവൈത്തിൽ കനത്ത മഴയുണ്ടാകുന്നത്. ഇടിമിന്നലോടുകൂടിയ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് അറിയിപ്പ്. മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. താൽക്കാലികമായി വിമാന സർവീസ് നിർത്തിവച്ചതായി വ്യോമയാന അധികൃതർ അറിയിച്ചു. എമിറേറ്റ്സിന്റെയും എത്തിഹാദിന്റെയും വിവിധ വിമാനങ്ങൾ റദ്ദ് ചെയ്തു. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. 

 

എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്സിന്റെയും വിമാനങ്ങൾ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഖത്തറിലെ ദോഹയിൽ ഇറക്കി. ഇന്നലെ അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ളവർ പുതിയ ഷെഡ്യൂൾ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തിൽ എത്താനെന്ന് അധികൃതർ അറിയിച്ചു. നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

 

മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയുമായിരുന്നു തുടക്കം. ജഹ്‌റയിൽ മരുഭൂമിയിൽ ചാലുകൾ കീറി മഴവെള്ളം തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസത്തെ അനുഭവം മുൻ‌നിർത്തി ജഹ്‌റ മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടി. യുദ്ധസമാനമായ സാഹചര്യമെന്ന പോലെയുള്ള മുൻ‌കരുതലാണ് മഴക്കെടുതിയെ നേരിടാൻ സർക്കാർ ഒരുക്കിയത്

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നതിനാൽ റോഡുകളിൽ വാഹനങ്ങൾ കുറഞ്ഞത് ആശ്വാസമായി. സൈന്യത്തെ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും മഴക്കെടുതി നേരിടുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.