sheik-muhammad

 

യുഎഇ  വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതകഥ 'ഖിസ്സത്തി'യിലെ ഒാരോ വരികളും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണതരുന്നു. അനുഭവങ്ങളുടെ മൂശയിൽ നേടിയ തിളക്കമാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് കാരണമെന്ന് ഇതിൽ നിന്ന് വ്യക്തം. 

 

അപൂർണമായ ജീവിതകഥയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഖിസ്സതിയിലെ 50 അധ്യായങ്ങൾ ഈ ദേശത്തിന്റെ കഥ കൂടിയാണ്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം..

 

ഉമ്മ ഇംഗ്ലണ്ടിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനു മുമ്പാണ് അവസാനമായി കണ്ടത്. ആലിംഗനം ചെയ്തുകൊണ്ട് ഉമ്മ ചോദിച്ചു, 'നിന്നെപ്പോലെ ആരുണ്ട്?' പിന്നീട് ഉമ്മ എന്നെ അണച്ചു പിടിച്ചു. കൗതുകത്തോടെ എന്റെ കയ്യിൽ കെട്ടിയ വാച്ചിലേക്കു നോക്കിയ ശേഷമാണു യാത്രയായത്. ഉമ്മ തിരിച്ചെത്തുമ്പോൾ അവർക്കു നൽകേണ്ട സ്നേഹ സമ്മാനത്തെ കുറിച്ചായി ചിന്ത. എന്റെ ആ വാച്ച് തന്നെ നൽകാൻ മനസ്സിലുറച്ചു. എന്നിൽ നിന്ന് എന്തെങ്കിലും ഉമ്മയും ആഗ്രഹിച്ചിരുന്നുവെന്നു എനിക്ക് തോന്നിയിരുന്നു. എന്നാൽ, എന്റെ ഉമ്മ തിരിച്ചെത്തിയില്ല.

 

 

ഉമ്മയുടെ സംസ്കാര ചടങ്ങിന് ആയിരങ്ങൾ എത്തി. ദുബായിയുടെ മാതാവിനു വേണ്ടി അവരെല്ലാം തേങ്ങി. ഷെയ്ഖ ലതീഫ ബിൻത് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അവർക്കൊപ്പം ഞാനും കബറിടത്തിൽ ഇറങ്ങി. എന്റെ ഉപ്പയും സഹോദരനും കബറിനു മുകളിൽ നിന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ട്. അന്ത്യവിശ്രമ മണ്ണിൽ ഉമ്മയെ കിടത്തി. മിഴിനീർ ധാരധാരയായി മണ്ണിൽ വീഴുന്നുണ്ട്. പിന്നെ ഞാൻ ആ മണ്ണറയിൽ നിന്നും പുറത്ത് കടന്നപ്പോൾ എന്റെ കയ്യിലെ വച്ച് ഉമ്മയുടെയുടെ അരികിലേക്ക് ഊർന്നു വീണു. ആ നിമിഷം എന്റെ നാവ് മരവിച്ചു. ഒന്നും ഉരിയാടാൻ സാധിച്ചില്ല. ഒരു തവണ കൂടി മാതാവിനെ നോക്കി. അവരുടെ ചാരത്ത് കിടക്കുന്ന വാച്ചും കണ്ടു. അതിവേദനയാൽ ഉള്ളം വിങ്ങുന്നതായി തോന്നി. ഹൃദയാന്തരത്തിൽ ഒരു മന്ത്രം പ്രതിധ്വനിക്കുന്ന പോലെ; എന്നിൽ നിന്ന് എന്തെങ്കിലും അവർക്കൊപ്പം.

 

ഉമ്മയുടെ മരണശേഷം ഞങ്ങൾ വീടുമാറി. ഷെയ്ഖ ലതീഫ ബിൻത് ഹംദാനു ശേഷം ഞങ്ങളുടെ ജീവിതവും അപ്പാടെ മാറിയിരുന്നു. വീട്ടിൽ നിന്നു മാത്രമല്ല ഞങ്ങളുടെ ജീവിതത്തിൽ നിന്നും എന്തെല്ലാമോ ഒഴിഞ്ഞുപോയ പ്രതീതിയുണ്ടായി. ഭക്ഷണ രുചി വരെ മാറി. മൃത്യു മാതാവിനെ കൊണ്ടു പോയപ്പോൾ കൂടെ ഞങ്ങളിൽ നിന്നും പലതും പോയതായി ബോധ്യമായി. പിന്നീട് ജീവിത പ്രതിസന്ധികളെ മറികടക്കാൻ മാതാവിനെക്കുറിച്ചുള്ള മരിക്കാത്ത ഓർമകൾ തുണയായി. ഉമ്മയുടെ മരണശേഷം എന്റെ പിതാവ് സഹനസമുദ്രമായി. കുറച്ച് നാളുകൾക്ക് ശേഷം അക്കാലത്തെ നഗരസഭാ മേധാവിയായിരുന്ന കമാൽ ഹംസയെ ഉപ്പ വീട്ടിലേക്ക് വിളിപ്പിച്ച് വിൽപത്രം എഴുതാൻ ആവശ്യപ്പെട്ടു. 'ഞാൻ പറയുന്ന പോലെ മരണപ്പെട്ട മഹതിയുടെ വിൽപത്രം നീ എഴുതുക'. പിന്നീട് അവിടമാകെ ഒരു ഗദ്ഗദം മുഴങ്ങി. കടിച്ചു പിടിച്ച വേദനയും വിരഹവും വിങ്ങിപ്പൊട്ടി പിതാവിൽ നിന്നും പ്രവഹിക്കുകയായിരുന്നു.

 

 

അതിനു സാക്ഷിയായ എനിക്കും കണ്ണീരടക്കാനായില്ല. ജനങ്ങൾക്കു മുന്നിൽ ഉപ്പ ധീരനും ശൂരനുമായ അശ്വാരൂഢനാണ്. ത്രാണിയുള്ള നേതാവാണ്. ദുബായ് നിർമിച്ച താത്വികനാണ്. നവോത്ഥാന ചാലകശക്തിയാണ്. സംരംഭങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച വ്യക്തിത്വം. എന്നാൽ, ആർക്കും സങ്കൽപിക്കാൻ സാധിക്കാത്ത സന്ദർഭമായി അത്. ഒരു ഗ്ലാസ് വെള്ളം ഉപ്പയ്ക്കു നൽകി. ദൈവിക സ്മരണയിൽ അതു പാനം ചെയ്തു. രംഗം ശാന്തമായി. പിന്നീട് വിൽപത്രം എഴുതാൻ ആവശ്യപ്പെട്ടു. രണ്ടാമതും തേങ്ങൽ എഴുത്ത് തടസ്സപ്പെടുത്തി. ' മഹതിയുടെ മരണാനന്തര വിൽപത്രമെന്ന് പലവുരു ഉപ്പ ഉരുവിടുന്നുണ്ടായിരുന്നു. അതെ, എന്റെ ഉമ്മയെ പോലെ ആരുണ്ട്? ലതീഫയ്ക്ക് സമാനമായി ആരുണ്ട്?