gcc-member-flags

ഖത്തറിനെതിരെ സൌദി അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തുടരുന്ന പശ്ചാത്തലത്തിൽ ജിസിസി യോഗത്തിനു നാളെ തുടക്കം. റിയാദിൽ ചേരുന്ന യോഗത്തിൽ, ഗൾഫ് പ്രതിസന്ധി ചർച്ചാവിഷയമാകുമെന്നാണ് സൂചന. ഖത്തറിനെതിരെ രണ്ടുവർഷത്തിലധികമായി തുടരുന്ന ഉപരോധം പിൻവലിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേരുന്ന ഗൾഫ് സഹകരണ കൌൺസിൽ യോഗത്തിൽ ഖത്തർ അടക്കം എല്ലാ രാജ്യങ്ങളിലേയും ഭരണാധിപൻമാർ പങ്കെടുക്കുമെന്നാണ് സൂചന. ഉപരോധം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് എല്ലാ അംഗരാജ്യങ്ങളിലേയും ഉന്നതഭരണകർത്താക്കൾ ജിസിസി യോഗത്തിൽ ഒരുമിച്ചു പങ്കെടുക്കാനൊരുങ്ങുന്നത്. സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ 2017 ജൂൺ അഞ്ചിനു നയതന്ത്ര,ഗതാഗത,കച്ചവട ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ ഉപരോധം അവസാനിപ്പിക്കുന്ന വിഷയത്തിൽ അടുത്തിടെ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്നു ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ദോഹയിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബോൾ മൽസരങ്ങളിൽ യുഎഇയും സൌദിയും പങ്കെടുത്തതും മഞ്ഞുരുകലിൻറെ സൂചനയായിരുന്നു. കഴിഞ്ഞമാസങ്ങളിൽ റിയാദ് അടക്കം വിവിധയിടങ്ങളിൽ കുവൈത്തിൻറെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നതും ശുഭസൂചനയായാണ് വിലയിരുത്തുന്നത്. സൌദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ആറു രാജ്യങ്ങളാണ് ജിസിസി അംഗങ്ങൾ.