ദുബായ് എക്സ്പോ രണ്ടായിരത്തിഇരുപത് വേദിയുടെ ഹൃദയമെന്നു വിശേഷിപ്പിക്കുന്ന അൽ വാസൽ പ്ളാസ ഉദ്ഘാടനം ചെയ്തു. പ്രൌഢഗംഭീരമായ ചടങ്ങിൽ യുഎഇ ഭരണാധികാരികൾ ഒന്നുചേർന്നാണ് കൂറ്റൻ കുംഭഗോപുരത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്. എക്സ്പോയോടനുബന്ധിച്ച് അൽ വാസൽ പ്ളാസ സന്ദർശകർക്കായി തുറക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് അൽ വാസൽ പ്ളാസ ഉദ്ഘാടനം ചെയ്തത്.
അൽ വാസൽ പ്ലാസയുടെ താഴികക്കുടത്തിൽ സ്ഥാപിച്ച 360 ഡിഗ്രി സ്‌ക്രീനിൽ രാജ്യത്തിന്റെ ജൈത്രയാത്രയുടെ വിസ്മയക്കാഴ്ചകൾ പ്രദർശിപ്പിച്ചു. 7.24 ലക്ഷം ഘനമീറ്റർ വിസ്തീർണവും 67.5 മീറ്റർ ഉയരവുമുള്ള അൽ വാസൽ പ്ലാസയ്ക്ക് ഇറ്റലിയിലെ പിസ ഗോപുരത്തേക്കാൾ ഉയരമുണ്ട്.
10,000 സന്ദർശകരെ ഉൾക്കൊള്ളാനാകും. എക്സ്പോ കഴിഞ്ഞും നിലനിർത്തുന്ന അൽ വാസൽ പ്ളാസ ഭാവിയിലെ പ്രധാനവേദികൂടിയായിരിക്കും. ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള പവിലിയനുകളെ അൽ വാസൽ പ്ളാസയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ 20 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന ദുബായ് എക്സ്പോയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പവലിയൻ നിർമാണം അന്തിമഘട്ടത്തിലാണ്.